ഒന്നിച്ചു മരിക്കാന്‍ ഭര്‍ത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു

അരൂര്‍: ഒന്നിച്ചു മരിക്കാന്‍ വേണ്ടി ഭര്‍ത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ചാത്തനാട്ട് ശരവണന്‍ (63) ആണ് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന ഭാര്യ വള്ളിയെ (57) തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു.

തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ഗൃഹനാഥന്‍ പല സ്ഥലങ്ങളില്‍ നിന്നായി വായ്പ എടുത്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ശരവണന്‍ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച്ച രാത്രി ഇരുവരും ഒന്നിച്ച് വീടിനോട് ചേര്‍ന്ന ചാര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നു. ഈ സമയം ഭര്‍ത്താവ് ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞെങ്കിലും ഭാര്യ എതിര്‍ത്തു. താന്‍ മരിച്ചാല്‍ സാമ്പത്തിക ബാധ്യത ചുമലിലാകുമെന്ന് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞതോടെ ഇരുവരും ഒന്നിച്ചു മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈഞരമ്പ് മുറിച്ചശേഷം ഇവരുടെ കഴുത്തില്‍ ഇയാള്‍ ഞെക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭാര്യ അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് കൈഞരമ്പ് മുറിച്ചു തൂങ്ങി മരിക്കുകയായിരുന്നു. പിന്നീട് ഭാര്യയ്ക്ക് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഭര്‍ത്താവിന്റെ മൃതദേഹം കാണുന്നത്.

തുടര്‍ന്ന് ഇവര്‍ ഒച്ചവച്ച് പരിസരവാസികളെ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മയെ പ്രാഥമിക ശിശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News