അവിഹിതമെന്ന് സംശയം; ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി 32കാരന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചായിരുന്നു ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ വലതുകൈയും വലതുപാദവുമാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രീതം സിങ് സിസോദിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ഭാര്യ സംഗീത ഇന്‍ഡോറിലെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. അവധി ദിവസങ്ങളില്‍ മാത്രമാണ് സംഗീത വീട്ടില്‍ വരാറ്. രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ പ്രീതം യുവതിയെ ആക്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു.

സംഗീതയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ പ്രീതത്തെ അറസ്റ്റ് ചെയ്തു. യുവതിയുടെ അറ്റുപോയ കൈയും പാദവും തുന്നിച്ചേര്‍ക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News