ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുളക്കുഴ പഞ്ചായത്ത് കിഴക്കേപറമ്പില്‍ ശ്രീജിത്ത്(44)ആണ് ഭാര്യയെ ജയശ്രീയെ ആക്രമിച്ചശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരിക്കേറ്റ ജയശ്രീയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമികവിവരം. വീട്ടിനുള്ളില്‍വെച്ചാണ് ജയശ്രീയ്ക്കുനേരേ ആക്രമണമുണ്ടായത്. വെട്ടേറ്റ ജയശ്രീ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. അയല്‍ക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ദമ്പതിമാരുടെ മകളും അക്രമസംഭവം കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ജയശ്രീയെ ആക്രമിച്ചെന്ന വിവരമറിഞ്ഞ് വൈകാതെ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നതോടെയാണ് പ്രതിയായ ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News