CrimeNationalNews

ശസ്ത്രക്രിയ നടത്തിയത് ഡോക്ടറുടെ ഭാര്യയും ലാബ് ടെക്‌നീഷ്യനും,മരിച്ചത് ഏഴുപേർ; വ്യാജഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്വകാര്യ ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാജഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘അഗര്‍വാള്‍ മെഡിക്കല്‍ സെന്ററി’ലെ ഡോ.നീരജ് അഗര്‍വാള്‍, ഭാര്യ പൂജ അഗര്‍വാള്‍, ഡോ.ജസ്പ്രീത് സിങ്, ലാബ് ടെക്‌നീഷ്യനായ മഹേന്ദര്‍ സിങ് എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ക്ലിനിക്കിനെതിരേ പരാതി ഉയര്‍ന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലായത്.

ഡോ. നീരജിന്റെ ക്ലിനിക്കിലും വീട്ടിലുമായി പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ രേഖകളും നിരോധിത മരുന്നുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡോക്ടറുടെ ഒപ്പ് മാത്രം രേഖപ്പെടുത്തിയനിലയില്‍ 414 കുറിപ്പടികളാണ് പോലീസ് കണ്ടെടുത്തത്. ആശുപത്രിക്ക് പുറത്ത് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത ഇന്‍ജക്ഷനുകളും വിവിധ മരുന്നുകളും പരിശോധനയില്‍ കണ്ടെത്തി. ഇതിനുപുറമേ കാലാവധി കഴിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡുകള്‍, 47 ചെക്ക് ബുക്കുകള്‍, 54 എ.ടി.എം. കാര്‍ഡുകള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഒട്ടേറെ പാസ് ബുക്കുകള്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മതിയായ യോഗ്യതകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ പലപ്പോഴും ഡോക്ടറാണെന്ന് ചമഞ്ഞ് പൂജ അഗര്‍വാളും ലാബ് ടെക്‌നീഷ്യനായ മഹേന്ദര്‍ സിങ്ങുമാണ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതെന്നാണ് പരാതി. ഫിസിഷ്യനായ ഡോ.നീരജ് അഗര്‍വാളും മതിയായ യോഗ്യതകളില്ലാതെയാണ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതെന്നും ഇയാളുടെ കൈവശമുള്ളത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.

2022-ല്‍ അഗര്‍വാള്‍ ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അസ്ഗര്‍ അലി എന്നയാള്‍ മരിച്ചതിന് പിന്നാലെയാണ് ക്ലിനിക്കിനെതിരേ അന്വേഷണം ആരംഭിച്ചത്. പിത്താശയ സംബന്ധമായ അസുഖത്തിന് ക്ലിനിക്കില്‍ ചികിത്സ തേടിയ അസ്ഗര്‍ അലിയോട് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോ.നീരജ് അഗര്‍വാള്‍ നിര്‍ദേശിച്ചത്. സര്‍ജനായ ഡോ.ജസ്പ്രീത് സിങ് ആയിരിക്കും ശസ്ത്രക്രിയ നടത്തുകയെന്നും ഇയാള്‍ രോഗിയെ അറിയിച്ചിരുന്നു. എന്നാല്‍, ഡോ. ജസ്പ്രീതിന് പകരം ഡോക്ടര്‍മാരായി ചമഞ്ഞെത്തിയ പൂജ അഗര്‍വാളും ലാബ് ടെക്‌നീഷ്യന്‍ മഹേന്ദര്‍ സിങ്ങുമാണ് രോഗിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അസ്ഗര്‍ അലിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അസ്ഗര്‍ അലിയുടെ മരണത്തിന് പിന്നാലെയാണ് അഗര്‍വാള്‍ മെഡിക്കല്‍ സെന്ററിനെതിരേ ഇദ്ദേഹത്തിന്റെ കുടുംബം പരാതി നല്‍കിയത്. മെഡിക്കല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനമെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നതെന്നുമായിരുന്നു ഇവരുടെ പരാതി. ഫിസിഷ്യനായ ഡോ. നീരജ് അഗര്‍വാള്‍ മതിയായ യോഗ്യതയില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയിരുന്നതെന്നും ഇയാളുടെ കൈവശമുള്ളത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും ആരോപണമുണ്ടായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഗര്‍വാള്‍ ക്ലിനിക്കില്‍ ഇതിന് മുന്‍പും സമാനമായ മരണങ്ങളുണ്ടായതായി കണ്ടെത്തിയത്.

2016 മുതല്‍ അഗര്‍വാള്‍ മെഡിക്കല്‍ സെന്ററിനെതിരേ ഒമ്പത് പരാതികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് സംഭവങ്ങളിലും രോഗികള്‍ മരിച്ചിരുന്നു. ഈ ഏഴുകേസുകളിലും ചികിത്സാപിഴവാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

പരാതിയെത്തുടര്‍ന്ന് നവംബര്‍ ഒന്നാം തീയതി നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് ക്ലിനിക്കില്‍ പരിശോധന നടത്തിയിരുന്നു. ഒട്ടേറെ പോരായ്മകളാണ് ഈ പരിശോധനയില്‍ കണ്ടെത്തിയത്. മാത്രമല്ല, രോഗികളുടെ മെഡിക്കല്‍ രേഖകളില്‍ ഡോ.നീരജ് അഗര്‍വാള്‍ പതിവായി കൃത്രിമം കാണിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker