തിരുവനന്തപുരത്ത് ഭാര്യയും ഭര്‍ത്താവും മരിച്ച നിലയില്‍; മക്കള്‍ക്കെഴുതിയ കത്ത് കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂടിനടുത്ത് ചെമ്പൂരില്‍ പരമേശ്വരം പങ്കജ ഹൗസില്‍ രവികുമാര്‍ (60), ഭാര്യ ബിന്ദു (48), എന്നിവരെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മരുമകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

രവികുമാറിന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ഷുഗര്‍ രോഗവും പിടിപെട്ടു. കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കാല്‍വിരലുകള്‍ മുറിച്ചു മാറ്റണമെന്ന് പറഞ്ഞിരുന്നു. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിരലുകള്‍ മുറിക്കാനുള്ള ശസ്ത്രക്രിയ വെള്ളിയാഴ്ച നടത്താനിരിക്കുകയായിരുന്നു.

ഇനി ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇല്ലെന്നും ഭര്‍ത്താവിനൊപ്പം താനും മരിക്കുകയാണെന്ന് ബിന്ദു മക്കള്‍ക്കായി എഴുതിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News