നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം:മെഡിക്കൽ പാനൽ ഉടൻ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ ആലുവ സ്വദേശി പൃഥ്വിരാജ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്സ്പെർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

പാനൽ അടിയന്തിരമായി രൂപീകരിക്കണമെന്ന് കമ്മീഷൻ എറണാകുളം ഡി എം ഒ ക്ക് നിർദ്ദേശം നൽകി.

തങ്ങൾക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ കമ്മീഷനെ അറിയിച്ചു.

സംഭവത്തിൽ ബിനാനി പുരം പോലീസ് രജിസ്റ്റർ ചെയ്ത 711/20 ക്രൈം കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മീഷൻ ജില്ലാ റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

എക്സ്പെർട്ട് മെഡിക്കൽ പാനൽ രൂപീകരിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് റൂറൽ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News