FeaturedHome-bannerNationalNews

സെമി ഫൈനലിൽ താമര വാടും, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയെന്ന് സർവെ ഫലം

ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന ആദ്യ അഭിപ്രായ സർവെ ഫലം ബി ജെ പിക്ക് കനത്ത നിരാശ സമ്മാനിക്കുന്നതാണ്. മധ്യപ്രദേശിൽ ബി ജെ പിക്ക് അധികാര നഷ്ടത്തിനടക്കം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന എ ബി പി – സി വോട്ടർ അഭിപ്രായ സർവെ, തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഡിൽ ഭരണ തുടർച്ചക്ക് സാധ്യതയുണ്ടെന്നുമാണ് പറയുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കടുക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നതെങ്കിലും കോൺഗ്രസിന് നേരിയ മുൻതൂക്കവും പ്രവചിക്കുന്നുണ്ട്. കോൺ​ഗ്രസ് 113 മുതൽ 125 വരെ സീറ്റുകൾ നേടാമെന്നാണ് എ ബി പി – സി വോട്ടർ അഭിപ്രായ സർവെ ചൂണ്ടികാട്ടുന്നത്. ബി ജെ പിയാകട്ടെ 104 മുതൽ 116 വരെയുള്ള സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. ബി എസ് പി 0 മുതൽ 2 വരെയും മറ്റുള്ളവർ 0 മുതൽ 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള എ ബി പി – സി വോട്ടർ അഭിപ്രായ സർവെയിൽ ഏറ്റവും ശ്രദ്ധേയം തെലങ്കാനയിലേതാണ്.  തെലങ്കാന സംസ്ഥാന രൂപീകരണത്തിന്‍റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്‍റെ ക്ഷീണം കോൺഗ്രസിന് ഇക്കുറി തീർക്കാമെന്നാണ് സർവെ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുത്തേക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും പരമാവധി നേടാൻ സാധിക്കുക.

ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബി ജെ പി 39 മുതൽ 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.

മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺ​ഗ്രസിനാകട്ടെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 മുതൽ 13 സീറ്റുകളും മറ്റുള്ളവർ 0 മുതൽ 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button