CricketNewsSports

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തു,കിവീസിന് രണ്ടാം ജയം

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 99 റണ്‍സിന്റെ ജയമാണ് കിവീസ് സ്വന്താക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. വില്‍ യംഗ് (70), രചിന്‍ രവീന്ദ്ര (51), ടോം ലാഥം (53) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡാരില്‍ മിച്ചല്‍ (48) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഡച്ചുപട 46.3 ഓവറില്‍ 223 റണ്‍സിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. 

69 റണ്‍സ് നേടിയ കോളിന്‍ ആക്കര്‍മാന്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ പിടിച്ചുനിന്നത്. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സുള്ളപ്പോള്‍ അര്‍ക്ക മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വിക്രംജീത് സിംഗ് (12), മാക് ഒഡൗഡ് (16), ബാസ് ഡീ ലീഡെ (18) എന്നിവരാണ് മടങ്ങിയത്. പിന്നാലെ ആക്കര്‍മാന്‍ – തേജാ നിഡമാനുരു സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തേജ (21) വൈകാതെ റണ്ണൗട്ടായി.

വൈകാതെ ആക്കര്‍മാനും മടങ്ങി. 73 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് (30), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (29) എന്നിവരാണ് അല്‍മെങ്കിലും ചെറുത്തുനിന്ന മറ്റുതാരങ്ങള്‍. റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (1), റ്യാന്‍ ക്ലീന്‍ (8), ആര്യന്‍ ദത്ത് (11) എന്നിവരും പുറത്തായി. മാറ്റ് ഹെന്റി മൂന്ന് വിക്കറ്റെടുത്തു. 

നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഡെവോണ്‍ കോണ്‍വെ (32) – യംഗ് ഓപ്പണിംഗ് സഖ്യം 67 റണ്‍സ് ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനായ കോണ്‍വെയെ വാന്‍ ഡെര്‍ മെര്‍വെ പുറത്താക്കി. മൂന്നമാനായ രവീന്ദ്ര ക്രീസില്‍. ഇംണ്ടിനെതിരെ നേടിയ സെഞ്ചുറിയുടെ ബാക്കിയായിരുന്നു ഹൈദരാബാദില്‍. യംഗിനൊപ്പം 67 റണ്‍സ് ചേര്‍ക്കാന്‍ രവീന്ദ്രയ്ക്കായി. എന്നാല്‍ യംഗിനെ പുറത്താക്കി പോള്‍ വാന്‍ മീകെരെന്‍ നെതര്‍ലന്‍ഡ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ രവീന്ദ്രയും മടങ്ങി. 51 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും മൂന്ന് ഫോറും നേടി. 

ശേഷം ക്രീസിലെത്തിയ ലാഥം മിച്ചലിനൊപ്പം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ മിച്ചല്‍ വീണു. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് (4), മാര്‍ക് ചാപ്മാന്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ലാഥവും മടങ്ങി. മിച്ചല്‍ സാന്റ്‌നര്‍ (17 പന്തില്‍ 36) – മാറ്റ് ഹെന്റി (4 പന്തില്‍ 10) സഖ്യമാണ്് കിവീസിന്റെ സ്‌കോര്‍ 300 കടത്താന്‍ സഹായിച്ചത്. ഏഴ് വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. പോള്‍ വാന്‍ മീകെരന്‍, റോള്‍ വാന്‍ ഡര്‍ മെര്‍വെ, ആര്യന്‍ ദത്ത് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി രണ്ട് വിക്കറ്റ് വീതമെടുത്തു. 

നെതര്‍ലന്‍ഡ്സ്: വിക്രംജിത് സിംഗ്, മാക്സ് ഒഡൗഡ്, കോളിന് ആക്കര്‍മാന്‍, ബാസ് ഡീ ലീഡെ, തേജാ നിഡമാനുരു, സ്‌കോട്ട് എഡ്വേര്‍ഡ്സ്, സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷ്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, റ്യാന്‍ ക്ലീന്‍, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍. 

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യംഗ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker