‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസിന് വമ്പന്‍ പ്രതികരണം: ആദ്യദിന വരുമാനം ഇതാണ്‌

കളമശേരി: കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വീസായ മെട്രോ കണക്ടിന് ആദ്യ ദിനത്തില്‍ വമ്പന്‍ സ്വീകരണം. കൊച്ചിയിലെ കടുത്ത ചൂടില്‍ സുഖകരമായ യാത്രയാണ് കുറഞ്ഞ നിരക്കില്‍ ഈ ബസുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ആദ്യ ദിനത്തില്‍ തന്നെ ഇലക്ട്രിക് ബസില്‍ യാത്ര ചെയ്തത്.

കൊച്ചി മെട്രോ ട്രെയിനിന് തുല്യമായ സൗകര്യങ്ങളുമായാണ് ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ച എസി ബസിന്റെ ആദ്യ ദിവസത്തെ വരുമാനം 1,18,180 രൂപയാണ്. മൂന്നു റൂട്ടുകളിലായി നടത്തിയ സര്‍വീസുകളില്‍ നിന്നാണ് ഈ വരുമാനം നേടിയത്.

ആലുവ-എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, കളമശേരി-കുസാറ്റ് റൂട്ടുകളിലാണ് കഴിഞ്ഞ ദിവസം ആദ്യ സര്‍വീസ് നടത്തിയത്. മൊത്തം 1855 പേരാണ് ഈ റൂട്ടുകളില്‍ ആദ്യ ദിനം യാത്ര ചെയ്തത്.

എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും സര്‍വീസ് നടത്തി. കുസാറ്റിലെ നിരവധി ജീവനക്കാര്‍ അടക്കം ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി.

ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കലക്ടറേറ്റ് എന്നീ റൂട്ടുകളില്‍ ഘട്ടം ഘട്ടമായി ഉടനെ സര്‍വീസുകള്‍ ആരംഭിക്കും.

അനുദിനം വളരുന്ന കൊച്ചി നഗരത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനൊപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് ഇലക്ട്രിക് ബസ് സര്‍വീസായ 'മെട്രോ കണക്ട്' ആരംഭിച്ചത്.

എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്രാ നിരക്ക്, ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള കണക്ടിവിറ്റി എളുപ്പമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. 33 സീറ്റുകളാണ് ഒരു ബസിലുള്ളത്.

യാത്രക്കാരുടെ മൊബെല്‍ ഫോണിന്റെ ചാര്‍ജ് ചെയ്യാന്‍ യു.എസ്.ബി പോര്‍ട്ടും ലഭ്യമാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് വഴി ടിക്കറ്റിംഗ് നടത്താം എന്നതാണ് ബസ് സര്‍വീസിന്റെ പ്രധാന ആകര്‍ഷണം. കാഷ് ട്രാന്‍സാക്ഷനും നടപ്പാക്കിയിട്ടുണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് എന്നിവ വഴിയും ടിക്കറ്റ് ചാര്‍ജ് നല്‍കാം. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളില്‍ ബസിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവേളയിലും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവേളയിലും സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45-ന് സര്‍വീസ് ആരംഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ് രാത്രി 11 മണിക്കാണ്.

കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്. കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് ഏഴ് വരെ 25 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News