‘ഞാനുണ്ടാകില്ലെന്ന് മാത്രം അറിയിച്ചു, കാരണം പറഞ്ഞില്ല, ഇങ്ങനെയാണോ ചെയ്യേണ്ടത്’ സഞ്ജുവിനെതിരെ കെ.സി.എ

കൊച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിലിടം ലഭിക്കാതിരുന്ന സഞ്ജു സാംസണിനെതിരെ കെസിഎ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് സഞ്ജു സാംസണ്‍ വിട്ടുനിന്നതെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമില്‍ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടംലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സഞ്ജുവിന് ടീമിലെടുക്കാതിരുന്ന കെസിഎയ്‌ക്കെതിരെ ശശി തരൂര്‍ അടക്കം കടുത്ത വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലനത്തിന് എത്താന്‍ കഴിയില്ലെന്ന് സഞ്ജു കെസിഎയെ അറിയിച്ചിട്ടും ടീമിലെടുക്കാതിരുന്നത് ക്രിക്കറ്റ് മേധാവികളുടെ ഈഗോ മൂലമാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ പ്രതികരണം.

‘സഞ്ജു ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് കെസിഎ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെസിഎയ്‌ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തില്‍ സീനിയര്‍ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട ഒരു താരം ഒരുവരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ല’ ജയേഷ് ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ജയേഷ് ജോര്‍ജിന്റെ പ്രതികരണം.

സഞ്ജു മാറിനിന്നും അതുകൊണ്ട് അദ്ദേഹത്തെ ടീമിലും എടുത്തില്ലെന്നും ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കൃത്യമായ കാരണം കാണിക്കാതെ സഞ്ജു വിജയ് ഹസാരെ പരിശീലന ക്യാമ്പില്‍നിന്ന് വിട്ടുനിന്നതില്‍ ബിസിസിഐ സെലക്ടര്‍മാര്‍ക്കും അതൃപ്തിയുള്ളതായാണ് വിവരം. സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധകാണിക്കണമെന്ന നിലപാടാണ് ബിസിസിഐക്ക് നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News