തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. അടുത്തയാഴ്‍ച മുതല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വരാനിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 540 ആയി ഉയരും.
നിലവില്‍ 348 പ്രതിവാര ഓപ്പറേഷനുകള്‍ നടക്കുന്ന സ്ഥാനത്താണ് ഏപ്രില്‍ 27 മുതല്‍ ഇത് 540 ആയി ഉയരുന്നത്. അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റ് സർവീസുകൾ 138 ആയി വര്‍ദ്ധിക്കും. നിലവില്‍ ഇത് 95 ആണ്. ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. ആഴ്‍ചയില്‍ 30 സര്‍വീസുകളാണ് ഷാര്‍ജയിലേക്കുള്ളത്. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബായ് എന്നിവിടങ്ങളിലേക്ക് ആഴ്‍ചയില്‍ 17 വീതം സര്‍വീസുകളുമുണ്ടാകും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ.
പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരും. ബെംഗളൂരുവിലേക്കാണ് കൂടുതൽ സർവീസുകൾ. ആഴ്‍ചയില്‍ 28 വിമാനങ്ങള്‍ തിരുവന്തപുരത്തു നിന്ന് ബംഗളുരുവിലേക്ക് പറക്കും. മുംബൈ (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവയാണ് കൂടുതൽ സർവീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങൾ. കൊൽക്കത്ത, പൂനെ, ദുർഗാപൂർ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‍ത പ്രതിവാര സർവീസുകളുടെ എണ്ണം
- ഷാർജ – 30
- ദോഹ – 18
- മസ്‌കത്ത് – 17
- ദുബായ് – 17
- അബുദാബി – 11
- സിംഗപ്പൂർ – 8
- മാലി – 7
- ബാങ്കോക്ക് – 7
- ബഹ്‌റൈൻ – 7
- കൊളംബോ – 7
- കുവൈത്ത് – 4
- റിയാദ് – 2
- ഹാനിമാധു – 2
- സലാല – 1
ആകെ 138
ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‍ത പ്രതിവാര സർവീസുകളുടെ എണ്ണം
- ബംഗളുരു – 28
- മുംബൈ – 23
- ഡൽഹി – 14
- ചെന്നൈ – 14
- ഹൈദരാബാദ് – 14
- കൊച്ചി – 7
- കൊൽക്കത്ത – 7
- പൂനെ – 7
- കണ്ണൂർ – 7
- ദുർഗാപൂർ – 7
- കോഴിക്കോട് – 4
ആകെ 132