കൊച്ചി:ലക്ഷദ്വീപിലെ ജനങ്ങൾക്ക് ’വൃത്തിയിൽ’ കുരുക്കിട്ട് ഭരണകൂടം. കലാസിലുറങ്ങിയ പഴയ നിയമങ്ങൾ പൊടിതട്ടിയെടുത്ത് വലിയ പിഴയോടെ പുതിയ ഉത്തരവായി ഇറക്കി. ഇതുപ്രകാരം തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുത്.
പ്രകൃതിക്ക് കോട്ടംവരാത്തരീതിയിൽ ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. താമസിക്കുന്ന വീടിന്റെ 25 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. കണ്ടാൽ വലിയ പിഴയടക്കേണ്ടി വരും. ഈ രീതിയിലുള്ള നിയമങ്ങളും പിഴകളുമായി ലോക പരിസ്ഥിതി ദിനത്തിലാണ് ജനങ്ങളെ വെട്ടിലാക്കുന്ന പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.
ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018’ -ന്റെ ചുവടുപിടിച്ചാണ് പുതിയ ഉത്തരവ്. ‘കോവിഡ് വ്യാപനത്തിനിടയാക്കും’ എന്ന മുഖവുരയോടെയാണ് മാലിന്യകേന്ദ്രങ്ങളിലല്ലാതെ മറ്റെവിടേയും ‘മാലിന്യം’ തള്ളരുതെന്ന ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, മാലിന്യ സംസ്കരണത്തിന് ദ്വീപിൽ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല.
തേങ്ങയും ചിരട്ടയുമൊക്കെ പുറത്തിട്ടാൽ ഇനിമുതൽ 200 രൂപയായിരിക്കും പിഴ. ഇതേ രീതിയിൽ ഓരോന്നിനും 500, 1,000 മുതൽ 5,000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.