ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നുമുതല്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പുതുക്കിയ പിഴ നിലവില്‍ വന്നിരിക്കുകയാണ്. പുതുക്കിയ പിഴയ്‌ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇത് പലര്‍ക്കും പാരയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്. ഹെല്‍മറ്റില്ലാത്തതും ഓവര്‍ സ്പീഡുമൊക്കെയാണ് പലപ്പോഴും അവരെ കുരുക്കുന്നത്. എന്നാല്‍ നിയമലംഘന പിഴ നിലവില്‍ വന്ന് രണ്ടുദിവസം പിന്നിടും മുമ്പ് വാഹനത്തിന്റെ വിലയേക്കാള്‍ വലിയ പിഴത്തുക ലഭിച്ചിരിക്കുകയാണ് ഹരിയാനയിലെ ഒരു ഇരുചക്ര വാഹന യാത്രികന്.
ഡല്‍ഹിയിലെ ഗീതാ കോളനിയിലെ താമസക്കാരനായ ദിനേഷ് മദനാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 23,000 രൂപ പിഴ ലഭിച്ചത്. ഗുഡ്ഗാവ് കോടതിയിലെ ജീവനക്കാരനായ മദന് 2015 മോഡല്‍ സ്‌കൂട്ടിയാണുള്ളത്. ഇതിന് ഇപ്പോഴത്തെ നിലയില്‍ 15000 രൂപ വിലവരും. എന്നാല്‍ മദന് ലഭിച്ചിരിക്കുന്ന പിഴ 23000 രൂപയാണ്.
ട്രാഫിക് പോലീസുകാര്‍ പരിശോധിക്കുമ്പോള്‍ മദന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ പൊലൂഷന്‍ എന്‍ഒസി, ഇന്‍ഷുറന്‍സ് എന്നീ രേഖകളും കൈവശമുണ്ടായിരുന്നില്ല. തനിക്ക് അല്‍പസമയം അനുവദിച്ചാല്‍ രേഖകള്‍ ഹാജരാക്കാമെന്ന് അറിയിച്ചിട്ടും ട്രാഫിക് പോലീസുകാര്‍ പിഴചുമത്തുകയായിരുന്നുവെന്ന് ദിനേഷ് മദന്‍ പറയുന്നു. ഹെല്‍മെറ്റില്ലാത്തതിന് ആയിരം, ഡ്രൈവിങ് ലൈസന്‍സിന് 5000, ഇന്‍ഷുറന്‍സ് 2000, ആര്‍സി ബുക്ക് ഇല്ലാത്തതിന് 5000, പൊലൂഷന്‍ എന്‍ഒസി ഇല്ലാത്തതിന് 10000 എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.