കല്ല്യാണിയെ ഞെട്ടിച്ച് പ്രണവിന്റെ വെളിപ്പെടുത്തല്‍; ഹൃദയം ടീസര്‍ പുറത്ത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദർശനയുടെയും അരുണിന്‍റെയും ജീവിതമാണ് ടീസറിലുള്ളത്. ടീസർ വിനീത് ശ്രീനിവാസൻ തൻറെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടീസർ പുറത്തിറങ്ങി മിനുറ്റുകള്‍ക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം 2022 ജനുവരിയില്‍ പുറത്തിറങ്ങും.

പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News