ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ വീണ്ടുമൊരു വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. ബാറ്റിങ് കഴിഞ്ഞപ്പോള്‍ പരാജയഭീതിയിലായിരുന്ന ഇന്ത്യ ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനത്തില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. 120 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക് പടയ്ക്കു ഇന്ത്യ നല്‍കിയത്. പക്ഷെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അത്യുജ്വലമായാണ് ഈ മല്‍സരത്തില്‍ ടീമിനെ നയിച്ചത്. തന്റെ ബൗളര്‍മാരെ മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്ത അദ്ദേഹം പാക് ബാറ്റിങ് നിരയെ ശരിക്കും പൂട്ടുകയായിരുന്നു. എങ്കിലും ഒരു ഘട്ടം വരെ പാകിസ്താനു തന്നെയായിരുന്നു വിജയസാധ്യത. എന്നാല്‍ രോഹിത്തിന്റെ സര്‍പ്രൈസ് നീക്കം കളിയിലെ ടേണിങ് പോയിന്റായി മാറി. അതു എന്താണെന്നു നോക്കാം
ബൗളിങില്‍ തന്റെ കുന്തമുനയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ 15ാം ഓവറില്‍ തിരികെ വിളിച്ച രോഹിത്തിന്റെ നീക്കമാണ് കളി മാറ്റിയത്. 12ാം ഓവര്‍ മുതല്‍ അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മാറി മാറി എറിഞ്ഞുകൊണ്ടിരുന്നത്. 13ാം ഓവറില്‍ ഹാര്‍ദിക് ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ ഫഖര്‍ സമാനെ മടക്കിയിരുന്നു. 14ാം ഓവറില്‍ അര്‍ഷ്ദീപ് ഏഴും റണ്‍സ് വിട്ടുകൊടുത്തു. 15ാം ഓവര്‍ ഹാര്‍ദിക്കിനു തന്നെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കാരണം അദ്ദേഹത്തിനു ഒരോവര്‍ ബാക്കിയുണ്ടായിരുന്നു.
പക്ഷെ ഹാര്‍ദിക്കിനെ പിന്‍വലിച്ച രോഹിത് ബുംറയെ രണ്ടാം സ്‌പെല്ലിനായി തിരികെ വിളിക്കുകയായിരുന്നു. ആദ്യ രണ്ടോവറില്‍ ഒമ്പതു റണ്‍സിനു ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. പാക് ടീം അപ്പോള്‍ മൂന്നിന് 80 റണ്‍സെന്ന നിലയിലായിരുന്നു. ടോപ്‌സ്‌കോററായ മുഹമ്മദ് റിസ്വാനും (31) ഇമാദ് വസീമുമായിരുന്നു (5) ക്രീസില്‍. ആദ്യ ബോളില്‍ തന്നെ റിസ്വാന്റെ കുറ്റി തെറിപ്പിച്ച ബുംറ പാകിസ്താനെ ബാക്ക് ഫൂട്ടിലാക്കി. ഈ ഓവറില്‍ വിട്ടുകൊടുത്തത് മൂന്നു റണ്‍സ് മാത്രം.
പാക് നിരയില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തത് റിസ്വാനാണ്. അദ്ദേഹം അവസാനം വരെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ കളിയും ജയിപ്പിക്കാമായിരുന്നു പക്ഷെ റിസ്വാനെ ബുംറ മടക്കിയതോടെ ഇന്ത്യ പിടിമുറുക്കി. പിന്നീട് ക്രീസിലെത്തിയ പാക് ബാറ്റര്‍മാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. അര്‍ഷ്ദീപിനു പകരം അടുത്ത ഓവറില്‍ അക്ഷര്‍ പട്ടേലിനെ രോഹിത് കൊണ്ടുവന്നു. ഈ ഓവറില്‍ പാക് ടീം നേടിയത് രണ്ടു റണ്‍സ് മാത്രമാണ്.
17ാം ഓവറില്‍ അഞ്ചു റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക് ഷതാബ് ഖാനെ (4) മടക്കി. മുഹമ്മദ് സിറാജിന്റെ 18ാം ഓവറില്‍ ഒമ്പത് റണ്‍സാണ് പാക് ടീം നേടിയത്. 19ാം ഓവറില്‍ ബുംറ വീണ്ടും മിന്നിച്ചു. മൂന്നു റണ്‍സ് വഴങ്ങി അദ്ദേഹം ഇഫ്തിഖാര്‍ അഹമ്മദിനെ മടക്കി. ഒടുവില്‍ ഏഴു വിക്കറ്റിനു 113 റണ്‍സ് മാത്രമെടുത്ത് പാക് ടീം മല്‍സരം അടിയറവയ്ക്കുകയും ചെയ്തു.