ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനേക്കാള്‍ ഭാഗ്യശാലിയായ താരം ലോക ക്രിക്കറ്റില്‍ വേറെ കാണുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടി20 ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേയുളള അദ്ദേഹത്തിന്റെ രക്ഷപ്പെടലുകള്‍ തന്നെയാണ് ഇതിനു കാരണം. ഒന്നും രണ്ടും തവണയല്ല, മറിച്ച് നാലു തവണയാണ് റിഷഭിന്റെ ക്യാച്ച് പാക് ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. ഇത്രയേറെ ഭാഗ്യം തുണച്ചിട്ടും അതു ഫിഫ്റ്റി പോലുമാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനായില്ല. 31 ബോളില്‍ നിന്നും 42 റണ്‍സെടുത്ത് റിഷഭ് പുറത്താവുകയായിരുന്നു. ആറു ഫോറുകളടക്കമായിരുന്നു ഇത്.
സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് റിഷഭിനു നേരെ ഉയരുന്നത്. ഇത്രയുമധികം തവണ ജീവന്‍ തിരിച്ചുകിട്ടിയിട്ടും റിഷഭിനു എന്തുകൊണ്ടാണ് അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാന്‍ കഴിയാതെ പോയതെന്നാണ് ആരാധകര്‍ തുറന്നടിക്കുന്നത്. റിഷഭിനു പകരം മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ ഇത്രയും അവസരം കിട്ടിയാല്‍ അതു സെഞ്ച്വറിയാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെയാണ് റിഷഭ് ആദ്യം രക്ഷപ്പെട്ടത്. മുഹമ്മദ് ആമിര്‍ എറിഞ്ഞ ആറാം ഓവറിലായിരുന്നു ജീവന്‍ കിട്ടിയത്. ഡ്രൈവിനു ശ്രമിച്ച റിഷഭിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ഫസ്റ്റ് സ്ലിപ്പില്‍ ഇഫ്തിഖാര്‍ അഹമ്മദിന്റെ കൈയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. അതു ഫോറാവുകയും ചെയ്തു. തൊട്ടടുത്ത ബോളില്‍ റിഷഭിനു രണ്ടാമതും ആയുസ് നീട്ടിക്കിട്ടി. ഇത്തവണ ഉസ്മാന്‍ ഖാനാണ് അല്‍പ്പം ബുദ്ധിമുട്ടേറിയ ക്യാച്ച് താഴെയിട്ടത്.
ലെഗ്‌സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ച ബോള്‍ എഡ്ജായ ശേഷം കവര്‍ ഏരിയയില്‍ ആകാശത്തേക്കുയര്‍ന്നു. ഉസ്മാന്‍ ഖാന്‍ പിറകിലേക്കു ഓടി റണ്ണിങ് ക്യാച്ചിനു തുനിഞ്ഞെങ്കിലും കൈകളിലില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. മൂന്നു റണ്‍സ് കൂടി നേടുന്നതിനിടെ റിഷഭ് വീണ്ടും പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടു. ഇഫ്തിഖാര്‍ അഹമ്മദാണ് ഇത്തവണ അദ്ദേഹത്തിനു ആയുസ് നീട്ടിക്കൊടുത്തത്.
18 റണ്‍സില്‍ വച്ച് റിഷഭിനു നാലാമതും ആയുസ്സ് നീട്ടിക്കിട്ടി. ഇമാദ് വസീമെറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്തൊരു ബോളായിരുന്നു ഇടംകൈയന്‍ സ്പിന്നറായ വസീം എറിഞ്ഞത്. സ്വീപ്പ ഷോട്ടിനു റിഷഭ് ശ്രമിച്ചെങ്കിലും ടോപ്പ് എഡ്ജായ ബോള്‍ മിഡ് വിക്കറ്റ് ഏരിയയിലേക്കുയരുകയായിരുന്നു. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ നിന്നും ഓടിയെത്തി ഉസ്മാന്‍ ഖാന്‍ ക്യാച്ചിനു തുനിഞ്ഞെങ്കിലും കൈപ്പിടിയിലൊതുക്കാനായില്ല.
42 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും റിഷഭിന്റെ ഇന്നിങ്‌സ് ഒട്ടും ആധികാരികമല്ലായിരുന്നു. ലക്കും ലഗാനുമില്ലാതെ കണ്ണും പൂട്ടിയടിക്കുന്ന റിഷഭിനെയാണ് കളിയിലുടനീളം കണ്ടത്. ഒരുപാട് തവണ ജീവന്‍ തിരികെ കിട്ടിയതുകൊണ്ടു മാത്രമാണ് താരം 40 പ്ലസ് റണ്‍സിലെത്തിയത്. അല്ലായിരുന്നെങ്കില്‍ രണ്ടക്കം പോലും തികയ്ക്കും മുമ്പ് തന്നെ റിഷഭ് പവലിയനില്‍ തിരിച്ചെത്തുമായിരുന്നു.
തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് റിഷഭ് ഒടുവില്‍ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 96 റണ്‍സിലേക്കു വീണിരുന്നു. റിഷഭിനൊപ്പം പുതുതായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു റണ്ണൊന്നുമെടുക്കാതെ അപ്പോള്‍ ക്രീസില്‍.
അതുകൊണ്ടു തന്നെ ക്രീസില്‍ നിലയുറപ്പിച്ച റിഷഭ് അവസാനം വരെ തുടരേണ്ടത് ആവശ്യവുമായിരുന്നു. എന്നാല്‍ ആമിര്‍ എറിഞ്ഞ 15ാം ഓവറിലെ ആദ്യ ബോളില്‍ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ് താരം വിക്കറ്റ് നഷ്ടപ്പെടുത്തി. മിഡ് ഓഫില്‍ പാക് നായകന്‍ ബാബര്‍ ആസമാണ് സിംപിള്‍ ക്യാച്ചെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ റിഷഭിനെതിരേ ആരാധകര്‍ ആഞ്ഞടിക്കുകയാണ്. റിഷഭ് പന്ത് എത്ര ഭാഗ്യവാനായ താരമാണ്. ഇത്രയുമധികം ഭാഗ്യം ഒപ്പമുണ്ടായിട്ടും അതു മുതലാക്കാന്‍ താരത്തിനായില്ല. ഇതിനു പകുതിയെങ്കിലും ഭാഗ്യമുണ്ടെങ്കില്‍ സഞ്ജു സാംസണ്‍ വലിയ സ്കോറുമായി തനിച്ചു കളി ജയിപ്പിച്ചേനെയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.