കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ്. കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് ശ്രമം. ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണ്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. പറഞ്ഞു പഠിപ്പിച്ച രീതിയിലുള്ളതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദിലീപിനോടുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്ന് അഭിഭാഷകന്‍ കെ രാമന്‍പിള്ള പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് വധശ്രമ ഗൂഢാലോചനയ്ക്ക് പുതിയ കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് ശാപവാക്കുകള്‍ പറയുകയാണ് ദിലീപ് ചെയ്തത്. ശപിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്നും ദിലീപ് ചോദിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. മൊഴിയില്‍ പറഞ്ഞ പല കാര്യങ്ങളും എഫ്ഐആറിലില്ല. ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നാലര വര്‍ഷം മിണ്ടാതിരുന്നു. പൊതുജനമധ്യത്തിന്‍ ദിലീപിനെതിരെ ജനരോഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള ശ്രമമാണ് നടക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസെന്നും പ്രതിഭാഗം അഭിഭാഷന്‍ വാദിച്ചു. കേസില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
ജസ്റ്റിസ് പി ഗോപിനാഥ് ആണ് ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ കൈവശമുണ്ട്. ഇത് തുറന്ന കോടതിയില്‍ പറയാനാവില്ല. മുദ്ര വെച്ച കവറില്‍ ഇത് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെതിരെ വീഡിയോ അടക്കമുള്ള തെളിവുകളുണ്ട്.
ഗൂഢാലോചനയ്ക്ക് ഉപോത്ബലകമായ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാവില്ല. സാക്ഷിമൊഴി പറയാന്‍ തയ്യാറായി വരുന്നവരെ ഏതുവിധേനയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. എല്ലാക്കാര്യവും എവിടെയും പറയാന്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.