ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പിപി ചിത്തരഞ്ജന്റെ പരാതിയില്‍ വീണ്ടും ന്യായീകരണവുമായി ഹോട്ടലുടമ രംഗത്ത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ തങ്ങളുടെ മുട്ടറോസ്റ്റിന് വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിട്ടുണ്ടെന്നും ഹോട്ടലുടമ പറയുന്നു. മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എം.എല്‍.എ. കളക്ടര്‍ക്കു നല്‍കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുമുണ്ട്. ഗുണനിലവാരത്തിന് ആനുപാതികമായവിലയാണ് ഈടാക്കുന്നതെന്നും ഇവര്‍ പറയുന്നു. 1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്ക് ഇനത്തിലും ചെലവുണ്ടെന്ന് കഴിഞ്ഞദിവസം ഇവര്‍ വ്യക്തമാക്കിയിരുന്നു.
ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഉയര്‍ന്നവില ഈടാക്കുന്നതായി കണ്ടെത്തിയതായാണ് വിവരം.
ഇതുസംബന്ധിച്ചു ജില്ലാ സപ്ലൈഓഫീസര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. അതേസമയം, സ്റ്റാര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തതാണ് ഹോട്ടല്‍. കോഴിമുട്ട റോസ്റ്റിനാണ് എം.എല്‍.എ.യില്‍ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും ഈടാക്കിയിരുന്നു.