ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയി; ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍

ഏലപ്പാറ: ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മാക്‌സണ്‍(28) ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഏലപ്പാറയിലെ അഭിലാഷ് ഹോട്ടലിലായിരുന്നു ആക്രമണം അരങ്ങേറിയത്. മാക്‌സണും സുഹൃത്തുക്കളും ചേര്‍ന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി.

ഓര്‍ഡര്‍ ചെയ്ത ബിരിയാണിക്കൊപ്പം ഗ്രേവി കുറവാണെന്ന് പറഞ്ഞ് സംഘം സപ്ലൈയറോടും ജീവനക്കാരോടും തട്ടിക്കയറി. ഇതോടെ ഹോട്ടലില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച സംഘം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും ആക്രമിച്ചു.

മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. തുടര്‍ന്നാണ് പീരുമേട് പ്രിന്‍സിപ്പല്‍ എസ്.ഐ. രതീഷ് ഗോപിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News