CrimeKeralaNews

ഹണിട്രാപ്പ്; ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനിൽ നിന്നും 10 ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ ബിഗ് ബോസ് താരമുൾപ്പെടെ 3 പേർ അറസ്റ്റിൽ

നോയിഡ: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ-യിലെ ശാസ്ത്രജ്ഞനെ ഒരു ബിഗ് ബോസ് മത്സരാർത്ഥി ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് ഹണിട്രാപ്പിൽ കുരുക്കി. 35 കാരനായ ശാസ്ത്രജ്ഞനെ നോയിഡയിലെ ഒരു ഹോട്ടലിൽ ബന്ദിയാക്കി മോചനത്തിനായി 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. സംഭവത്തിൽ ബിഗ് ബോസ് താരം സുനിത ഗുർജാർ എന്ന ബാബ്ലിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലൂടെ പ്രാദേശിക ബിജെപി നേതാവെന്ന് പരിചയപ്പെടുത്തിയാണ് സുനിത ഗുർജാർ ശാസ്ത്രജ്ഞനുമായി അടുപ്പത്തിലായത്. ബിഗ് ബോസ് സീസൺ 10 ജേതാവ് മൻ‌വീർ ഗുർജാറിന്റെ ബന്ധുവാണെന്നും യുവതി അവകാശപ്പെട്ടു. മസാജിങ്ങിനായി യുവാവിനോട് ലോജിക്സ് സിറ്റി സെന്ററിലേക്ക് വരാൻ ആവശ്യപ്പെടുകയും, അവിടെത്തിയ യുവാവിനെ കുനാൽ റെസിഡൻസിയിലേക്ക് കൊണ്ടുപോയി ഒരു മുറിയിൽ ബന്ദിയാക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഭാര്യയെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.

ഭാര്യ പോലീസിനെ സമീപിച്ചു. തുടർന്ന് യുവതിയെ പണവുമായി പോലീസ് ഹോട്ടലിലേക്ക് അയക്കുകയും സെക്ടർ 41 ലെ ഹോട്ടലിൽ നിന്ന് ഞായറാഴ്ച രാത്രി സുനിതയെയും മറ്റ് രണ്ട് പേരെയും പോലീസ് പിടികൂടുകയുമായിരുന്നു. പിടികൂടിയവരിൽ ഹോട്ടൽ മാനേജരും ഉൾപ്പെടുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button