പയ്യോളി: ഒമ്പതു വര്‍ഷം മുമ്പ് മോഷ്ടിച്ച ഏഴ് പവന്‍ സ്വര്‍ണാഭരണം തിരികെ ഉടമയുടെ വീട്ടില്‍ ഉപേക്ഷിച്ച് കള്ളറന്റെ ‘സത്യസന്ധത’. തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവന്‍ സ്വര്‍ണാഭരണമാണ് മോഷ്ടാവ് തിരികെ വീട്ടിലെത്തിച്ചത്. ഒപ്പം പശ്ചാത്താപക്കുറിപ്പുമുണ്ട്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് ഒരു പൊതിക്കെട്ട് വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ എഴുന്നേറ്റയുടന്‍ ജനലില്‍ കാണാതിരുന്ന പൊതിക്കെട്ട് പിന്നീട് കണ്ടപ്പോള്‍ വീട്ടമ്മക്ക് അത്ഭതവും ഭയവും തോന്നി. തുടര്‍ന്ന് ഒരു വടികൊണ്ട് തട്ടി താഴെയിട്ടാണ് പൊതിക്കെട്ട് പരിശോധിച്ചത്. അഴിച്ചെടുത്ത പൊതിക്കെട്ടിനുള്ളില്‍ നഷ്ടപ്പെട്ട അതേ മോഡല്‍ സ്വര്‍ണമാലയോടൊപ്പമുള്ള കുറിപ്പില്‍ മോഷ്ടാവിന്റെ പശ്ചാത്താപ വരികള്‍ ഇങ്ങനെ:
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ വീട്ടില്‍നിന്നും ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തു പോയി, അതിന് പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം’. അന്ന് നഷ്ടമായത് ഏഴേകാല്‍ പവനാണെങ്കില്‍ ഇപ്പോള്‍ ലഭിച്ചത് കാല്‍ പവന്‍ കുറച്ച് ഏഴ് പവനാണെന്ന് വീട്ടമ്മ പറഞ്ഞു.
2012ലാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല നഷ്ടപ്പെട്ടത്. വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കാറുള്ള മാല മോഷണം പോയതാണോ കളഞ്ഞുപോയതാണോ എന്ന കാര്യം വീട്ടമ്മക്ക് വ്യക്തമല്ലായിരുന്നു. വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കളഞ്ഞു പോയതാവാമെന്ന ധാരണയില്‍ ബന്ധുക്കളുടെ ശകാരവും ഏറ്റുവാങ്ങി. പോലീസില്‍ പരാതിപ്പെടാനും പോയില്ല.