തൃശൂര്‍:വയോധികയെ പരിചരിയ്ക്കാനായി നിര്‍ത്തിയിരുന്ന ഹോം നഴ്‌സ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി. ഒടുവില്‍ പൊലീസിന്റെ വലയിലായി. തൃശൂര്‍ ചേര്‍പ്പിലാണ് സംഭവം.
തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്നാണ് 52 പവന്‍ സ്വര്‍ണവും വജ്രമോതിരവും 12,000 രൂപയും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍. കൊട്ടാരക്കര തേവലംപാറ പാലത്തുംതലയ്ക്കല്‍ സൂസന്‍ ആന്റണി (45) ആണ് അറസ്റ്റിലായത്. പാലയ്ക്കല്‍ കൈതക്കോടന്‍ ലോനപ്പന്റെ ഭാര്യ എല്‍സിയുടെ (63) വീട്ടിലാണ് മോഷണം നടന്നത്. ആഭരണങ്ങള്‍ക്ക് 14 ലക്ഷം രൂപ മൂല്യം വരും. എല്‍സിയെ പരിചരിക്കാന്‍ രണ്ടര വര്‍ഷമായി ഒപ്പം താമസിക്കുകയായിരുന്നു സൂസനെന്നു പൊലീസ് പറഞ്ഞു. എല്‍സിയുടെ മൂന്നു മക്കളും കേരളത്തിനു പുറത്താണു ജോലിചെയ്യുന്നത്.
ലോനപ്പന്റെ മരണശേഷം എല്‍സിയെ പരിചരിക്കാന്‍ കോട്ടയത്തെ ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയത്. എല്‍സി ആഭരണങ്ങളും പണവും അലമാരയില്‍ സൂക്ഷിക്കുന്ന വിവരം സൂസന്‍ അറിഞ്ഞിരുന്നു. മുംബൈയില്‍ കഴിയുന്ന മകളുടെ അടുത്തേക്കു പോകാന്‍ കഴിഞ്ഞ നാലിന് എല്‍സി ഒരുക്കം നടത്തിയിരുന്നു. പോകുന്നതിനു തലേന്ന് സൂസനെ വീട്ടിലേക്കു വിടുകയും ചെയ്തു. സൂസന്‍ പോയ ശേഷം എല്‍സി മുംബൈയിലേക്കു യാത്ര പുറപ്പെടുന്നതിനു മുന്‍പ് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്നു മനസിലായത്.
തുടര്‍ന്നു പൊലീസിനു പരാതി നല്‍കി. എസ്ഐ എസ്.ആര്‍. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നാണ് സൂസനെ പിടികൂടിയത്. പത്തു പവനൊഴികെ മറ്റ് ആഭരണങ്ങളെല്ലാം പണയം വച്ചതായി സൂസന്‍ പൊലീസിനോടു പറഞ്ഞു. 10 പവന്‍ വീട്ടില്‍ നിന്നു കണ്ടെടുത്തു.