കേപ്ടൗണ്‍: രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ജയിച്ച് ഇന്ത്യ. ബാറ്റര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം, 7 വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ (22 പന്തില്‍ 17), ശ്രേയസ് അയ്യര്‍ (6 പന്തില്‍ 4) എന്നിവരായിരുന്നു ക്രീസില്‍. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയില്‍ (1-1). 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് ഇന്ത്യ നേടിയത്.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അതിവേഗത്തില്‍ തന്നെ തുടങ്ങി. 23 പന്തില്‍ 28 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിനെയാണ് ആദ്യം നഷ്ടമായത്. ആറ് ഫോര്‍ ഉള്‍പ്പെടെയായിരുന്നു ജയ്സ്വാളിന്റെ ഇന്നിങസ്. ബര്‍ഗറിന്റെ പന്തില്‍ സ്റ്റബ്സിന് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങിയത്. 11 പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ രണ്ടാമതായും വീണു. റബാദയ്ക്കായിരുന്നു വിക്കറ്റ്. 11 പന്തില്‍ 12 റണ്‍സുമായി വിരാട് കോലിയെ ജാന്‍സനും മടക്കി.
നേരത്തേ 103 പന്തില്‍നിന്ന് രണ്ട് സിക്സിന്റെയും 17 ഫോറിന്റെയും അകമ്പടിയോടെ മാര്‍ക്രം നേടിയ 106 റണ്‍സ് ബലത്തില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സ് നേടിയിരുന്നു. 36.5 ഓവറിലായിരുന്നു ഇത്. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ 79 റണ്‍സായി. അറു വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിന്റെ കഥകഴിച്ചത്.
ഓപണറായിറങ്ങിയ മാര്‍ക്രം എട്ടാമതായാണ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. പ്രോട്ടീസ് നിരയില്‍ മാര്‍ക്രമല്ലാത്ത ഒരാള്‍ക്കുപോലും കാര്യമായി ബാറ്റുചെയ്യാനായില്ല. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്-12 റണ്‍സ്.
ഡേവിഡ് ബെഡിങ്ഹാം (11), മാര്‍ക്കോ ജാന്സന് (11), ലുങ്കി എന്‍ഗിഡി (8), കിലെ വെരാനെ (9), നാന്ദ്രേ ബര്‍ഗര്‍ (6*), കേശവ് മഹാരാജ് (3), കഗിസോ റബാദ (2), ടോണി ഡി സോര്‍സി (1), ട്രിസ്റ്റന്‍ സ്റ്റബ്സ് (1) എന്നിങ്ങനെയായിരുന്നു ബാക്കിയുള്ള സ്കോറുകള്‍.
ഇന്നലെ മൂന്നിന് 62 എന്ന നിലയില്‍നിന്നാണ് രണ്ടാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. മുകേഷ് കുമാര്‍ രണ്ടും സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 55- ഉം ഇന്ത്യ 153- ഉം റണ്‍സാണെടുത്തത്. സിറാജിന്റെ ആറ് വിക്കറ്റ് നേട്ടമായിരുന്നു പ്രോട്ടീസിനെ 55-ല്‍ ഒതുക്കിയിരുന്നത്.