25.4 C
Kottayam
Sunday, May 19, 2024

സുരേഷ് ഗോപി കളിക്കേണ്ട, പിണറായിയുടെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്’; കണ്ണൂരിൽ എസ്ഐയോട് കയർത്ത് എംഎൽഎ

Must read

കണ്ണൂര്‍: കളക്ടറേറ്റ് മാര്‍ച്ചിനിടെ കല്യാശ്ശേരി എംഎല്‍എ എം.വിജിനും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിന്റെ ഭാഗമായി എംഎല്‍എയുടെ പേര് വനിതാ പോലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ്‌ സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പോലീസാണെന്നും സുരേഷ് ഗോപി സ്റ്റൈല്‍ കളിച്ച് കേരള സര്‍ക്കാരിനെ മോശമാക്കരുതെന്നും വാഗ്വാദത്തിനിടെ വിജിന്‍ പറഞ്ഞു.

കേരള ഗവണ്‍മെന്റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്ടറേറ്റിന് മുന്നില്‍ പോലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധംനടന്നതോടെ പോലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കല്യാശ്ശേരി എംഎല്‍എ എം.വിജിന്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

കേസെടുക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എസ്.ഐ വനിതാ പോലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയോടും പേര് ചോദിച്ചതോടെ എം.വിജിന്‍ പ്രകോപിതനാകുകയായിരുന്നു.

മാര്‍ച്ച് കളക്ടറേറ്റിന്റെ ഗേറ്റിന് മുന്നില്‍ തടയാന്‍ കഴിയാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ‘സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്നോട് വന്ന് പേര് ചോദിക്കുന്നു, നിങ്ങളെല്ലാം എവിടുത്തെ പോലീസാണ്. കേരളത്തിലെ സര്‍ക്കാരിന് മോശം ഉണ്ടാക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയല്ലേ എന്നോട് വന്ന് പേര് ചോദിച്ചത്’, വിജിന്‍ പറഞ്ഞു.

പേര് ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് എസ്.ഐ മറുപടി നല്‍കിയതോടെ വിജിന്‍ കൂടുതല്‍ പ്രകോപിതനായി. ‘നിങ്ങള്‍ എസ്‌ഐ ആണ്, ഞാന്‍ എംഎല്‍എയാണ്. പ്രോട്ടോക്കോള്‍ നോക്കി വര്‍ത്താനം പറഞ്ഞാല്‍ മതി. നമ്മുടെ സര്‍ക്കാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങളെ പോലുള്ള പോലീസാണ്. പോലീസിന്റെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയത് എസ്‌ഐയാണ്. നിങ്ങള്‍ എവിടുത്തെ എസ്‌ഐആണ്.

എസ്‌ഐ ഒറ്റയൊരുത്തനാണ് ഇതിന് കാരണം. ഇയാള്‍ ആരാണ് സുരേഷ് ഗോപി സ്റ്റൈലില്‍ പെരുമാറാൻ. പോലീസിന് അപമാനമുണ്ടാക്കരുതെന്ന് പറയണം. ഇത് കേരളത്തിലെ പിണറായി വിജയന്റെ പോലീസാണ്. ഇവിടുന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നേ സുരേഷ്‌ഗോപി സ്‌റ്റൈല്‍ കളിക്കേണ്ടതുണ്ടോ’, വിജിന്‍ രോഷത്തോടെ ചോദിച്ചു.

അതേ സമയം പേര് ചോദിച്ചതുകൊണ്ട് മാത്രമാണ് താന്‍ രോഷാകുലനായതെന്ന വാദം എം.വിജിന്‍ എംഎല്‍എ തള്ളി. തന്റെ പേര് എല്ലാവരും അറിഞ്ഞിരിക്കണമെന്ന ധാര്‍ഷ്ട്യം തനിക്കില്ല. സമരത്തിനിടെ എസ്‌ഐ വളരെ മോശമായിട്ടാണ് ഇടപെടല്‍ നടത്തിയത്. മൈക്ക് തട്ടി പറിക്കുന്നു. തുടങ്ങി അങ്ങേയറ്റം പ്രകോപനത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും സംഭവത്തിന് ശേഷം വിജിന്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week