തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ ഇന്ന് തുടങ്ങും. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. ആകെ 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ 26 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്.
മെയ് 3 മുതല്‍ പ്രാക്റ്റികള്‍ പരീക്ഷകള്‍ തുടങ്ങും. പരീക്ഷകള്‍ക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളിലായി എന്‍ എസ് ക്യൂ എഫ് വിഭാഗത്തില്‍ 30,158, മറ്റു വിഭാഗത്തില്‍ 1,174 ഉള്‍പ്പെടെ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ എസ്എസ്എല്‍സി പരീക്ഷകളും ആരംഭിക്കും. ഏപ്രില്‍ 29നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി 4,27,407 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.