കൊച്ചി: ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.
പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാർ കേസ് പ്രതിയുടെ പരാതി.
കേരള പൊലിസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വർഷത്തോളം കേരള പൊലിസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.