25.5 C
Kottayam
Thursday, May 9, 2024

‘ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ഉയർത്തുന്നു’; എന്ത് കഴിക്കണമെന്നുള്ള സ്വാതന്ത്ര്യം പോലുമില്ലെന്ന് കെമാൽ പാഷ,’ത്രിവർണപതാക ഉയർത്തിയത് കൊണ്ടുമാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം’; ഉദ്ധവ് താക്കറെ

Must read

കൊച്ചി:എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോഴും രാജ്യത്ത് എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ദേശീയ പതാക ഉയർത്തുമ്പോൾ ഭരണഘടനയെ കൂടി മാനിക്കാൻ തയ്യാറാകണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.

അയൽ രാജ്യങ്ങളിലെ സ്ഥിതി നോക്കുമ്പോൾ എഴുപത്തിയഞ്ച് വർഷം ഇന്ത്യയിൽ ഭരണഘടന നിലനിന്നത് തന്നെ അത്ഭുതമാണെന്ന് അഡ്വ. എ ജയശങ്കർ പറഞ്ഞു. ശക്തനായ ഭരണാധികാരിയാണെങ്കിൽ കോടതി പോലും പത്തി താഴ്ത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അഡ്വ എ ജയശങ്കർ പറഞ്ഞു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമ്മുവിന്‍റെ ആദ്യ അഭിസംബോധന.

സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനമടക്കം കനത്ത സുരക്ഷയിലാണ്. ഒപ്പം സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്.  ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.

സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.

ഹർ ഘർ തിരം​ഗ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്നും ഹൃദയത്തിലും വേണമെന്നും അദ്ദേഹം പറഞ്ഞു. ‘ഹര്‍ ഘര്‍ തിരംഗ’  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്ത് എത്രമാത്രം ജനാധിപത്യം അവശേഷിക്കുന്നുവെന്ന് നാം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മർമിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

രാജ്യത്തെ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ പതാകയുയർത്താൻ വീടില്ല എന്നാണ് കാർട്ടൂണിൽ പറയുന്നത്. അരുണാചലിൽ ചൈന കടന്നു കയറുകയാണ്. നമ്മൾ വീടുകളിൽ ത്രിവർണപതാക ഉയർത്തിയാൽ ചൈന പിന്നോട്ട് പോകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് വൻ ആഘോഷമാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഓരോ വീടുകളിലും പതാക ഉയർത്താനാണ് സർ‍ക്കാർ നിർദേശം. സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം വൻ ആഘോഷമാണ് സംഘടിപ്പിക്കുന്നത്. 

കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ താഴെയിറക്കി ബിജെപിയെ കൂട്ടുപിടിച്ച് വിമത നേതാവ് ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചത്. ഇത് ശിവസേനക്കും ഉദ്ധവ് താക്കറെക്കും വൻ തിരിച്ചടിയായിരുന്നു. 40 എംഎൽഎമാർ എതിർചേരിയിലേക്ക് കൂറുമാറിയതോടെ സർക്കാർ വീണു. ലോക്സഭയിലും 12 എംപിമാർ ഷിൻഡെക്കൊപ്പം നിന്നു. പുറമെ, താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week