KeralaNews

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്, തടയാന്‍ എന്ത് നടപടി സ്വീകരിച്ചു; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാന്‍ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണ്ണമാണ്.പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ തിരിച്ചയച്ചു. മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടയ്ക്ക് മുന്നില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.

കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. അതിനിടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ പണിമുടക്ക് നിരോധിച്ചു. പ്രതിരോധ സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്ന ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ വാഹന മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. മലപ്പുറം മഞ്ചേരിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പണിമുടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഇടുക്കിയില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button