ഡൽഹി: കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണമേർപ്പെടുത്തിയത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീം കോടതി നിർദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് സംസ്ഥാന സര്‍ക്കാർ ഉന്നയിച്ച ആക്ഷേപം.
അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. വായ്പാ പരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് ഹര്‍ജിയിൽ പറയുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
കടമെടുപ്പ് പരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹർജിയിൽ പറയുന്നു. ഇല്ലെങ്കില്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കേരളത്തിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയത് നിയമ വിരുദ്ധമാണ്. സമാന രീതിയിലുള്ള വായ്പ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ലെന്നുമാണ് ഹര്‍ജിയിൽ ഉയർത്തുന്നത്.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാമെന്നാണ് അനുച്ഛേദം 131ന്റെ നിര്‍വ്വചനം. ഇതനുസരിച്ചാണ് കേരളം കേന്ദ്ര സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വാദം സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നുണ്ട്. നവ കേരള സദസ്സിലുടനീളം ഇക്കാര്യമാണ് സർക്കാർ ഉയർത്തിക്കാണിച്ചത്.