ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹനം വിട്ടുകിട്ടാനായി ദുൽഖർ സമർപ്പിച്ച ഹർജിയിലാണ് താത്കാലികമായി വാഹനം വിട്ടുനൽകാൻ അഡ്ജുഡിക്കേറ്റീവ് അഭിഭാഷകനെ സമീപിക്കാമെന്നും വാഹനം വിട്ടുനൽകാൻ കസ്റ്റംസ് തയ്യാറല്ലെങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കാനും കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തെളിവില്ലാതെ വ്യക്തികൾക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടി അല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞു.

കാറിലെ രേഖകൾ എത്ര സർക്കാർ ഓഫീസുകളിലൂടെ കടന്ന് പോയി. അന്നൊന്നും ഇതിലെ പ്രശ്നങ്ങൾ കണ്ടെത്തിയില്ലേയെന്നും കാർ വിട്ടുനൽകാൻ ദുൽഖറിന് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

എന്നാൽ തെളിവുണ്ടെന്നും വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്.

ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News