വെള്ളം ചോദിച്ചപ്പോൾ കൊടുത്തില്ല, ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ചപ്പാത്തിക്കോലുകൊണ്ട് തുടർച്ചയായി അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ യുവാവുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീണതാണെന്ന് പ്രതി ഡോക്ടർമാരോട് പറഞ്ഞത് എന്നാൽ മരിക്കുന്നതിന് മുമ്പ്, താൻ ആക്രമിക്കപ്പെട്ട വിവരം യുവതി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ചൊക്കസന്ദ്ര നിവാസികളായ പ്രീതി സിങ് (28), ഭർത്താവ് ചോട്ടാ ലാൽ സിങ് (32) എന്നിവർ മധ്യപ്രദേശ് സ്വദേശികളാണ്. ഇവർ ബെംഗളൂരുവിലെ ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.

സെപ്റ്റംബർ 24-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രീതി വീട്ടിലെത്തിയപ്പോൾ ചോട്ടാ ലാൽ വെള്ളം ആവശ്യപ്പെട്ടു. പ്രീതി വെള്ളം നൽകാൻ വിസമ്മതിച്ചു. ഇതിന്റെ പേരിൽ വഴക്കിട്ട ചോട്ടാ ലാൽ ചപ്പാത്തി പരത്തുന്ന കോൽ ഉപയോഗിച്ച് അവരുടെ തലയിലും ശരീരത്തും തുടർച്ചയായി അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രീതിയെ ദാസറഹള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ ഭാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണതാണെന്ന് ഇയാൾ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു.

ആക്രമണത്തെത്തുടർന്ന് അബോധാവസ്ഥയിലായ പ്രീതിക്ക് പിന്നീട് ബോധം തിരിച്ചുകിട്ടുകയും അവർ ഡോക്ടറോട് സംഭവം വിവരിക്കുകയും ചെയ്തു.

ചികിത്സാ കാലയളവിൽ ഭൂരിഭാഗം സമയവും പ്രീതി അബോധാവസ്ഥയിലായിരുന്നുവെന്നും ഒന്നോ രണ്ടോ തവണ മാത്രമാണ് ബോധം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ചോട്ടാ ലാൽ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടാകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News