മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

2012 ജൂണ്‍ 12നാണ് സംഭവം. കവര്‍ച്ചനടത്താന്‍ ആയുധങ്ങളുമായി വാഹനത്തിലെത്തിയ ആന്റണിയെ രാത്രികാല നിരീക്ഷണം നടത്തുകയായിരുന്ന ജോയിയും മണിയന്‍ പിള്ളയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് ജീപ്പില്‍ കയറ്റുമ്പോഴായിരുന്നു ആക്രമണം.

ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് മണിയന്‍ പിള്ളയുടെ നെഞ്ചത്തും പിന്നിലും ആന്റണി കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജോയിയെ വയറ്റത്ത് മൂന്നുതവണ കുത്തിയശേഷം ജീപ്പില്‍നിന്ന് ചാടിയ ആന്റണി തന്റ വാഹനത്തില്‍ രക്ഷപ്പെട്ടു. മാരകമായി പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.

സംഭവത്തിനുശേഷം കേരളം വിട്ട ആന്റണി മൂന്നേകാല്‍ വര്‍ഷം ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഒളിവിലായിരുന്നു. കോയമ്പത്തൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവെ 2015 ഒക്ടോബര്‍ 13ന് പാലക്കാട് പോലീസാണ് ആന്റണിയെ പിടികൂടി അന്വേഷണസംഘത്തിന് കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News