വിവാഹം കഴിഞ്ഞ് 19ാം ദിവസം യുവതി കാമുകനൊപ്പം ഒളിച്ചോടി; പോയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളുമായി
ഡല്‍ഹി: വിവാഹം കഴിഞ്ഞ് 19ാം ദിവസം യുവതി കാമുകനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തിനു ശേഷമുള്ള ചില ആചാരങ്ങള്‍ക്കായി നവദമ്പതികള്‍ യുവതിയുടെ വീട്ടിലേക്ക് വന്നിരുന്നു. അതിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങിയെത്തി പിറ്റേദിവസമാണ് സ്വന്തം നാട്ടുകാരനായ കാമുകനൊപ്പം യുവതി ഒളിച്ചോടിയത്. ഒളിച്ചോടുന്നതിനിടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും കുറച്ച് പണവും അവര്‍ എടുത്തു.
ഡിസംബര്‍ 6 ന് രാഹുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ച 20 കാരിയായ മൂര്‍ത്തി റെയ്ക്വാര്‍ എന്ന യുവതി ഡിസംബര്‍ 24 ന് കാമുകന്‍ ഭജ്ജു യാദവ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഭര്‍ത്താവ് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. ഇക്കാര്യം അറിഞ്ഞയുടനെ യുവതിയുടെ കുടുംബാംഗങ്ങള്‍ സ്റ്റേഷനില്‍ ഹാജരായിരുന്നു. അലിപൂര്‍ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ഛത്തര്‍പൂരിലെ ചിര്‍വാരി ഗ്രാമത്തിലാണ് സംഭവം നടന്നത്.
കാണാതായ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ച് യുവതിക്കായി തിരച്ചില്‍ നടത്തി. അതിനിടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ കാമുകനൊപ്പം പോയതാണെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് രാഹുലും വീട്ടുകാരും യുവതിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു അവരുടെ ആവശ്യം.
അഞ്ചു ലക്ഷം രൂപയുടെ ആഭരണങ്ങളും യുവതി കൊണ്ടുപോയി. അതിനൊപ്പം 20000 രൂപയും എടുത്തിരുന്നതായി രാഹുല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയെയും കാമുകനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന.