KeralaNews

നവകേരള സദസ്സ്‌: സർക്കാരിനെതിരെ ഹൈക്കോടതി; കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിന്

കൊച്ചി: നവകേരള യാത്രയുടെപേരിൽ കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് ഹൈക്കോടതി. നവകേരളസദസ്സിനു സ്കൂൾകുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ഈ ചോദ്യമുയർത്തിയത്.

ഹർജിക്കാരനു രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വാദിച്ചപ്പോഴായിരുന്നു ഇത്. കുട്ടികളെ ഇറക്കുന്നതിലും രാഷ്ട്രീയലക്ഷ്യമുണ്ടെന്നും കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡരികിൽ നിർത്തുന്നതിന് എന്തു ലക്ഷ്യമാണുള്ളതെന്നുമായിരുന്നു കോടതിയുടെ ചോദ്യം.

ഒരു പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതും കാഴ്ചവസ്തുക്കളെപ്പോലെ കൈവീശിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു ചടങ്ങിനു കുട്ടികളെ ക്ഷണിച്ച് അവിടെ നടക്കുന്നതുകാണിച്ച് പ്രസംഗം കേൾപ്പിക്കുന്നതിനൊന്നും കോടതി എതിരല്ല.

ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 20-ന് പിൻവലിച്ചെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, കഴിഞ്ഞദിവസവും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഹെഡ്മാസ്റ്റർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിനുശേഷം നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ഉത്തരവിട്ട ഡെപ്യൂട്ടി ഡയറക്ടർക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button