കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണക്കാൻ അക്ഷീണം പ്രവർത്തിച്ച് അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യപ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാനാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്.
മാലിന്യ സംസ്കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ ബോധവത്ക്കരിക്കുന്നതിനേക്കാൾ നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മാലിന്യസംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ കുഴപ്പമെന്നും കോടതി ചൂണ്ടിക്കാട്ടി. മാലിന്യ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ ഹൈക്കോടതി നിയമിച്ചു.