വിടവാങ്ങിയ കുഞ്ഞ് ഇമ്രാന് വേണ്ടി പിരിച്ച ആ 16 കോടി എന്തുചെയ്യും? ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: മലപ്പുറം വലമ്പൂരില്‍ എസ്.എ.ംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ മരിച്ചതോടെ കുഞ്ഞിന് വേണ്ടി പിരിച്ച പണം ഇനി എന്ത് ചെയ്യുമെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇമ്രാന്റെ ചികിത്സയ്ക്ക് വേണ്ടി പിരിച്ചെടുത്ത 16 കോടി എങ്ങനെ വിനിയോഗിക്കുമെന്നാണ് കോടതി ചോദിച്ചത്.

പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ എന്നും കോടതി ആരാഞ്ഞിരിക്കുകയാണ്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശികളുടെ മകനായ ഇമ്രാന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആറു മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇമ്രാന്റെ മരുന്നിനായി 18 കോടി ആവശ്യമായിരുന്നു. ഇതിനായി 16 കോടി രൂപയോളം സോഷ്യല്‍ മീഡിയ ക്യാംപെയ്നിലൂടെയും നാട്ടുകാരും ജീവകാരുണ്യപ്രവര്‍ത്തകരും ക്യാംപെയിനിലൂടെ സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.

ഇതുവരെ സമാഹരിച്ച പണം എന്തുചെയ്യണമെന്നത് സംബന്ധിച്ച് ചികിത്സാസഹായ സമിതി തീരുമാനിക്കുമെന്ന് സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി അറിയിച്ചിരുന്നു. ഇതുവരെ ഇമ്രാനെ ചികിത്സിക്കാനായി ചെലവായ തുക പിരിച്ചെടുത്ത പണത്തില്‍ നിന്നും വേണ്ടെന്നു പറഞ്ഞ് കുടുംബം നിരസിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News