കൊച്ചി: മോന്‍സന്‍ സാമുവലിന്റെ പുരാവസ്തു തട്ടിപ്പില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോന്‍സണ് സംരക്ഷണം നല്‍കിയതെന്നാണ് കോടതി ചോദിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
പോലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ നിയമ ലംഘനം കണ്ടില്ലേ. ആനക്കൊമ്പ് കണ്ടപ്പോള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പോലീസ് സംരക്ഷണം നല്‍കിയത് ഇത്തരക്കാരുടെ വിശ്വാസ്യത കൂട്ടിയെന്നും വിമര്‍ശിച്ചു. മോന്‍സന് സുരക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട് ഡിജിപി ഈ മാസം 26നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബീനാച്ചി എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ മോന്‍സന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടന്‍ വിധി പറയും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റുള്ളവരുടെ അക്കൗണ്ട് വഴിയാണ് മോന്‍സന്‍ ഇടപാടുകള്‍ നടത്തിയത്. പണം വന്നതും പോയതുമായ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. മോന്‍സനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കണമെന്നു കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രതികളെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ അന്വേഷണത്തിലും സര്‍ക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണു എഡിജിപി എസ്.ശ്രീജിത്ത്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്രത്തിന് കത്തയയ്ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.