കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. റോഡ് തകർന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്.
ഉത്തരവാദപ്പെട്ട എഞ്ചിനീയര്‍മാരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു. നൂറ് കണക്കിന് കാൽനട യാത്രക്കാർക്ക് ജീവൻ നഷ്ടമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഇതിന് മറുപടി പറയണമെന്നും കോടതി അറിയിച്ചു. വിഷയത്തില്‍ കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നല്‍കും.
പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണമേർപെടുത്തി ഇറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അത്യപ്തി. കൊടിമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതായി സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നുജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ഇന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കുലറിലും കോടതി അത്യപ്തി രേഖപെടുത്തി. ഹരജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.