NationalNews

പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നത് അനുവദിയ്ക്കാനാവില്ല, ഹരിയാന സർക്കാരിനെതിരെ ഹൈക്കോടതി

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്ന്  കോടതിയുടെ ചോദ്യം. നിയമം പാലിക്കാതെ കെട്ടിടം പൊളിക്കുന്നു. ഇതിന് ക്രമസമാധാന പ്രശ്നം തന്ത്രപരമായി ഉപയോഗിയുന്നു എന്നും കോടതി പറഞ്ഞു. ഈ രീതി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.

തദ്ദേശീയരായ ആളുകളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. നിലവില്‍ പൊളിച്ച് നീക്കിയ കെട്ടിടങ്ങളില്‍ നിന്ന് കല്ലേറുണ്ടായെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ആരവല്ലി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ബുള്ളറ്റുകളുടെ ഷെല്ലുകളും അനധികൃത ആയുധങ്ങളും പെട്രോള്‍ ബോംബുകളും കണ്ടെത്തിയിരുന്നു. കുറ്റാരോപിതര്‍ക്ക് കീഴടങ്ങാന്‍ പൊലീസ് ഞായറാഴ്ച അന്ത്യ ശാസനം നല്‍കിയിട്ടുണ്ട്. അതിനിടെ കര്‍ഫ്യൂ ലംഘിച്ച് നടന്ന മഹാപഞ്ചായത്തില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തതായാണ്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുരുഗ്രാമിലെ തിഗ്ര്‍ ഗ്രാമത്തിലാണ് മഹാപഞ്ചായത്ത് നടന്നത്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. നൂഹിന്‍റെ ജില്ലാ പദവി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഗുരുഗ്രാം, ഫരീദബാദ്, പാല്‍വാല്‍, രേവരി എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ജില്ലയാണ് നൂഹെന്ന് ചൂണ്ടിക്കാണിച്ചാണ് ആവശ്യം.

കലാപത്തിന്‍റെ പേരില്‍ യുവാക്കളെ പൊലീസ് നടപടിയെ എതിര്‍ക്കാനും മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. നൂഹിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button