വിട്ടുവീഴ്ച്ചയില്ലാതെ മൂന്ന് നേതാക്കളും ; ; കെ. മുരളീധരനും മുല്ലപ്പള്ളിയും അടക്കം നാല് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചു;

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുമ്പോള്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് മുന്ന് നേതാക്കളും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന മൂന്ന് പ്രമുഖ നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കടുംപിടുത്തം തുടരുന്നതോടെ ഹൈക്കമാന്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കയാണ്. വി.ഡി സതീശനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ പ്രശ്‌നപരിഹാരത്തിനായി 'മുതിര്‍ന്ന പടയെ' രംഗത്തിറക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ, കേരളത്തിലെ നാല് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെ ഹൈക്കമാന്‍ഡ് അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ. മുരളീധരന്‍, കെ. സുധാകരന്‍, എം.എം. ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നാല് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ ഡല്‍ഹിയില്‍ എത്താനാണ് നിര്‍ദേശം. മുഖ്യമന്ത്രി തീരുമാനം ഇവരോട് കൂടി അന്തിമമായി ചര്‍ച്ച നടത്തി പ്രഖ്യാപിക്കാനാണ് നീക്കമെന്നറിയുന്നു.

ഈ നേതാക്കളുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമാണ് ഡല്‍ഹിയില്‍ ലഭിക്കുന്നത്. ഇവരുടെ പിന്തുണ ആര്‍ക്കാണെന്നത് മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പാര്‍ട്ടിയെ നയിക്കാന്‍ ആര്‍ക്ക് കഴിയുമെന്നതിലാണ് ഹൈക്കമാന്‍ഡ് ഇവരുടെ അഭിപ്രായം തേടുന്നത്.

മുന്‍ പ്രസിഡന്റുമാരെ കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം ചോദിക്കുന്നുണ്ട്. ഘടകകക്ഷികളുടെയും നിലപാട് പരിഗണിക്കുന്നുണ്ട്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ മനസ്സിലിരുപ്പും ഹൈക്കമാന്‍ഡ് നേരിട്ട് ചോദിച്ചറിയും. എം.എല്‍.എമാരുടെ പിന്തുണ മാത്രം നോക്കി മുഖ്യമന്ത്രിയെ നിശ്ചയിച്ചാല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ തലത്തിലുള്ള നേതാക്കളുടെയും 'മനസ്സറിയാന്‍' രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും തീരുമാനിച്ചിരിക്കുന്നത്.

ഭരണം കിട്ടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ പതിവ് രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. സതീശനായി ഒരു വിഭാഗവും കെ.സിക്കായി മറ്റൊരു വിഭാഗവും സൈബര്‍ പോര് തുടരുകയാണ്. ഇതിനിടയില്‍ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയാലും പെട്ടെന്നൊരു തീരുമാനമുണ്ടാകുമോ അതോ സസ്‌പെന്‍സ് ഇനിയും നീളുമോ എന്നാണ് കണ്ടറിയേണ്ടത്.

ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ഉഴലുന്ന കോണ്‍ഗ്രസ് നേതൃത്വം, മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിലൂടെ ഈ 'കടങ്കഥ'യ്ക്ക് ഉത്തരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. മുതിര്‍ന്ന നേതാക്കളോട് നാളെ ഡല്‍ഹിയില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തീരുമാനം ഇവരോട് കൂടി അന്തിമമായി ചര്‍ച്ച നടത്തി പ്രഖ്യാപിക്കാനാണ് നീക്കമെന്നറിയുന്നു.

കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിയാകാന്‍ വിട്ടുവീഴ്ചയില്ലാതെ മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ നേതൃത്വം എത്തിയിട്ടില്ല. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡല്‍ഹി വിട്ടുപോവുകകൂടി ചെയ്തതോടെ വിഷയത്തില്‍ തുടര്‍നടപടി ഉണ്ടായിരുന്നില്ല.

ഞായറാഴ്ച വിജയ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയിലേക്കും കോണ്‍ഗ്രസ് നേതാവിന്റെ മരണത്തെ തുടര്‍ന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലേക്കും പോയതോടെയാണിത്. ഇരുവരും തിരിച്ചുവന്ന ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ. പ്രഖ്യാപനം എന്ന് നടക്കുമെന്ന സൂചന നല്‍കാന്‍പോലും കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തയാറാകാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.

മത്സരരംഗത്തുള്ള മൂന്ന് നേതാക്കളും ഒരുപോലെ പ്രതീക്ഷ തുടരുന്നതിനിടെ പ്രഖ്യാപനം നീണ്ടുപോകുന്ന സമയം ഉപയോഗപ്പെടുത്തി വി.ഡി. സതീശന് ഒപ്പം ഉറച്ചുനില്‍ക്കുന്ന മുഖ്യഘടകക്ഷിയായ മുസ്‌ലിംലീഗിനെ സ്വാധീനിക്കാനുള്ള ശ്രമം കെ.സി. വേണുഗോപാല്‍ പക്ഷം ഞായറാഴ്ച നടത്തിയിരുന്നു. അന്തിമ തീരുമാനത്തിന് മുമ്പ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും തേടുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കെ.സി പക്ഷത്തിന്റെ നീക്കം.

ഇതിനിടയില്‍ കേരളത്തിലെ മുഖ്യമന്ത്രി നിര്‍ണയം നീളുന്നതില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്നില്ലെന്ന് ചോദിച്ച മോദി, മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം വെച്ചോ, അഞ്ചുവര്‍ഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ െതരഞ്ഞെടുത്തോ തര്‍ക്കം തീര്‍ക്കാനും ഉപദേശിച്ചു. രാജസ്ഥാനിലും ഛത്തിസ്ഗഢിലും കര്‍ണാടകയിലും കണ്ട അതേ കാര്യമാണ് കേരളത്തിലുമെന്നും കര്‍ണാടകയില്‍ ഇപ്പോഴും മുഖ്യമന്ത്രി ചര്‍ച്ച തുടരുകയാണെന്നും മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News