കൊച്ചി: സൈജു കുറുപ്പ് നായകനായി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം 2: മോഹനിയാട്ടം’ എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ചാണ് തീവ്ര വലതുപക്ഷ ഹാൻഡിലുകൾ സിനിമയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ചിത്രം നിരോധിക്കണമെന്നും നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ ബഹിഷ്കരിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ആഹ്വാനം.
ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും സിനിമ നിരന്തരം പരിഹസിക്കുന്നു എന്നാണ് സനാതൻ കന്നഡ ഉൾപ്പെടെയുള്ള പേജുകളിൽ ഉയരുന്ന പ്രധാന ആരോപണം. മലയാള സിനിമയിൽ ബോധപൂർവം ഹിന്ദുക്കളെ വില്ലന്മാരായും അന്ധവിശ്വാസികളായും ചിത്രീകരിക്കുന്നുവെന്നും മറ്റു മതങ്ങളെ പുരോഗമനപരമായി അവതരിപ്പിക്കുന്നുവെന്നും പോസ്റ്റുകൾ ആരോപിക്കുന്നു. മലയാള സിനിമാ വ്യവസായത്തെ ഒന്നടങ്കം ബഹിഷ്കരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിവാദങ്ങളോട് ചിത്രത്തിന്റെ അണിയറപ്രവർത്തകരോ നെറ്റ്ഫ്ലിക്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും നെറ്റ്ഫ്ലിക്സിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി ചിത്രം മുന്നേറുകയാണ്. തിയറ്റർ വിജയത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തിയത്. ആദ്യ ഭാഗമായ ‘ഭരതനാട്യം’ തിയറ്ററിൽ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒടിടിയിൽ വലിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ എത്തിയ രണ്ടാം ഭാഗത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. താരങ്ങളുടെ മികച്ച പ്രകടനമാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷക വിലയിരുത്തൽ.


