‘സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്; ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല; ഇങ്ങനെ പോയാല്‍ മോന്തയ്ക്ക് അടികിട്ടും’; മുഖ്യമന്ത്രി’യില്‍ ഉടന്‍ തീരുമാനമില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി അബ്ദുള്‍ ഹമീദ്; കടുത്ത അതൃപ്തിയില്‍ മുസ്ലീം ലീഗ്

'സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്;  ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല; ഇങ്ങനെ പോയാല്‍ മോന്തയ്ക്ക് അടികിട്ടും'; മുഖ്യമന്ത്രി'യില്‍ ഉടന്‍ തീരുമാനമില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന്  പി അബ്ദുള്‍ ഹമീദ്;  തര്‍ക്കം തുടരുന്നതില്‍ കടുത്ത അതൃപ്തിയില്‍ മുസ്ലീം ലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്ന മെല്ലെപ്പോക്കിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ്. വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നത് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഉടനടി തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെയല്ല കേരളം. ഇവിടുത്തെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണ്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മാസങ്ങളെടുത്തില്ലേ എന്ന് ചോദിച്ചുകൊണ്ട് ഇവിടെ സമയം നീട്ടിക്കൊണ്ടുപോയാല്‍ അണികളില്‍ നിന്ന് മുഖത്തടി കിട്ടുന്ന അവസ്ഥയാണുള്ളത്,' അദ്ദേഹം പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത വിധം നിരാശയിലാണ് യു.ഡി.എഫ് ക്യാമ്പ്. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് നല്‍കുന്ന സ്വീകരണ പരിപാടികളില്‍ പോലും പങ്കെടുക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യം നേതൃത്വത്തിന് നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടനടി ഇടപെടേണ്ട നിരവധി ജനകീയ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ ഗ്രൂപ്പ് വഴക്കും ചര്‍ച്ചകളും ഭരണനിര്‍വ്വഹണത്തെ ബാധിച്ചിരിക്കുകയാണ്. ഇതിനാണോ തങ്ങള്‍ വോട്ട് ചെയ്തതെന്ന് സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ നേരിട്ട് വിളിച്ചു ചോദിക്കുന്നുണ്ടെന്നും ഹമീദ് വെളിപ്പെടുത്തി. അണികളുടെ ആവേശത്തിനൊപ്പം ഉയരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന അതൃപ്തി മുസ്ലിം ലീഗ് ഗൗരവമായാണ് കാണുന്നത്.

'മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായിട്ടില്ലെങ്കില്‍ അതിന്റെതായ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്രവര്‍ത്തകരും നേരിട്ട് വിളിച്ച് അസംതൃപ്തി അറിയിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോട് വരേണ്ടെന്ന് പറയുന്ന ഘട്ടം വരെ ഉണ്ടായിട്ടുണ്ട്' പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

' മലപ്പുറം ജില്ലയില്‍ നിന്ന് സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട സന്ദര്‍ഭത്തില്‍ അത് അനിശ്ചിതമായ നീട്ടിക്കൊണ്ടുപോകുന്നത് എല്ലാതലങ്ങളിലും പ്രതിഫലിക്കുകയാണ്. ഒരുപരിധിവരെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയും. ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്'.

'മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തെ അളക്കാന്‍ പാടില്ലെന്നാണ് ലീഗിന് പറയാനുള്ളത്. രാഷ്ട്രീയ പ്രബുദ്ധരാണ് കേരളത്തിലെ ജനങ്ങള്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മാസങ്ങളോളം കാത്തുനിന്നില്ലേ, ഇവിടെ 23 വരെ സമയം ഉണ്ടല്ലോ എന്ന് നമ്മുടെ അണികളോട് പറഞ്ഞാല്‍ മോന്തയ്ക്ക് അടികിട്ടും' പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ലീഗ് വ്യക്തമായ നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. എക്കാലത്തും ലീഗിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് മാനിക്കാറുള്ളതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം ഇനിയും വൈകുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന സൂചനയാണ് അബ്ദുല്‍ ഹമീദിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. ജനവിധി മറന്ന് പ്രവര്‍ത്തിക്കരുതെന്നും ഒരു പരിധിവരെയേ അണികളുടെ ക്ഷമ പരീക്ഷിക്കാന്‍ കഴിയൂ എന്നും പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News