കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ഇസ്താംബൂളില്‍ നിന്ന് എത്തിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിനാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ വലതുഭാഗത്തെ ടയറുകള്‍ക്ക് തീപിടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇസ്താംബൂളില്‍ നിന്നുള്ള ടികെ 726 വിമാനം റണ്‍വേയില്‍ തൊട്ട നിമിഷം തന്നെ വലതുവശത്തെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് പുകയും തീയും ഉയരുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകളിലൂടെ യാത്രക്കാരെ അതിവേഗം പുറത്തെത്തിക്കാന്‍ സാധിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
യാത്രക്കാരോ ജീവനക്കാരോ പരിക്കേല്‍ക്കാതെ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിനുണ്ടായ സാങ്കേതിക തകരാറാണോ അതോ അമിതമായ ചൂടാണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. റണ്‍വേയില്‍ നിന്ന് വിമാനം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യോമയാന മന്ത്രാലയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


