കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി കുവൈത്ത്. രാജ്യത്തെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടും. ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി ഗവണ്‍മെന്റ് ഓഫീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ രാജ്യത്തെ കര,വ്യോമ അതിര്‍ത്തികള്‍ അടച്ചിടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു.
ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെച്ചിരുന്നു. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്ന് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകള്‍ അറിയിച്ചു.