24.2 C
Kottayam
Sunday, June 7, 2026

മരിച്ചിട്ടും ആക്ടീവായി ഹേമചന്ദ്രന്റെ ഫോണ്‍,അവ്യക്ത ശബ്ദത്തില്‍ സംഭാഷണം,ദൃശ്യം മോഡല്‍ കറക്കം.പെണ്‍സുഹൃത്തിനേക്കൊണ്ട് വിളിച്ചിറക്കി,കേരള പോലീസ് ബ്രില്ല്യന്‍സില്‍ ഒടുവില്‍ കുടുങ്ങി

Must read

കോഴിക്കോട്: വയനാട് അതിര്‍ത്തിയോടുചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തില്‍ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത് പെണ്‍സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണെന്ന് കസ്റ്റഡിയിലെടുത്തയാളുടെ മൊഴി. 2024 മാര്‍ച്ച് 20-ന് വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ഹേമചന്ദ്രന്‍ പുറത്തേക്കിറങ്ങിയത്.

പെണ്‍സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് മെഡിക്കല്‍ കോളേജിന് സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. സാമ്പത്തികത്തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹേമചന്ദ്രനെ വയനാട്ടിലെ ഒളിത്താവളത്തില്‍ എത്തിച്ച് മര്‍ദിച്ചതായും അവശനിലയിലായതിനെത്തുടര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായാണ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്.

- Advertisement -

- Advertisement -

അടുത്തദിവസം മുറിയിലെത്തിയപ്പോള്‍ ഹേമചന്ദ്രനെ മരിച്ചതായി കണ്ടെന്നും ഇതോടെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിലെത്തിച്ച് കുഴിച്ചുമൂടിയെന്നുമാണ് മൊഴി. സുല്‍ത്താന്‍ബത്തേരിയിലും പരിസരങ്ങളിലുമായി റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയിരുന്ന ഹേമചന്ദ്രന്‍, വിവാഹത്തിനുശേഷമാണ് വാടകവീടെടുത്ത് കോഴിക്കോട്ടെത്തിയത്.

ഒന്നേകാല്‍ വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രനെ വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. പ്രതികളില്‍നിന്ന് ലഭിച്ച മൊഴി സത്യമല്ലാതാകുമോ എന്ന ആശങ്ക. കാരണം മുന്‍പ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികള്‍ മൃതദേഹം പറഞ്ഞിടത്തുതന്നെയാണോ ഒളിപ്പിച്ചത് എന്നതില്‍ സംശയം ഉണ്ടായിരുന്നു.

- Advertisement -

ശനിയാഴ്ച ഉച്ചയോടെ, പ്രതി അജീഷ് എന്ന അപ്പു ചൂണ്ടിക്കാണിച്ച സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കിടങ്ങെടുത്തപ്പോള്‍ കാര്യമായി അഴുകാത്ത മൃതദേഹമാണ് പോലീസ് കണ്ടത്. ഈ വനഭൂമിയിലെ തണുപ്പാണ് മൃതദേഹം കാര്യമായി അഴുകാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. പ്രധാന റോഡില്‍നിന്ന് ഒരു കിലോമീറ്ററോളം വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

ഹേമചന്ദ്രന്‍ തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടാക്കി തമിഴ്‌നാട്ടിലെ വനത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്ത വിവരം ദൃശ്യമാധ്യമങ്ങളിലൂടെ നാടറിഞ്ഞ് മണിക്കൂറുകള്‍കഴിഞ്ഞാണ് ഭാര്യ സുഭിഷ വിവരമറിയുന്നത്. കോട്ടൂളിയിലെ ഒരുവീട്ടില്‍ ജോലിക്കുപോയി തിരിച്ച് മായനാട് ബസ്സിറങ്ങി വീട്ടിലേക്കുനടക്കുന്നതിനിടെ ഒരു ബന്ധു വിളിച്ചപ്പോള്‍മാത്രം. അപ്പോഴും ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടെന്ന് സുഭിഷയ്ക്ക് മനസ്സിലായില്ല. ‘ഹേമചന്ദ്രന്റെ വാര്‍ത്ത ടിവി ന്യൂസില്‍ ഉണ്ട്’ എന്നുമാത്രമാണ് ബന്ധുപറഞ്ഞത്. മറ്റെന്തോ വാര്‍ത്തയാണെന്നുമാത്രം കരുതി. സന്ധ്യയോടെ മക്കളായ അമൃതയും വൃന്ദയും അമൃതയുടെ ഭര്‍ത്താവ് ബനിലും അവരുടെ കുടുംബാംഗങ്ങളുമെത്തി. പിന്നാലെ പോലീസുംകൂടിയെത്തിയപ്പോഴാണ് സുഭിഷ കാര്യങ്ങളറിഞ്ഞത്.

മായനാട് യുപി സ്‌കൂളിനുസമീപം ഓടുമേഞ്ഞ ഒരു വാടകവീട്ടിലാണ് സുഭിഷയും മകള്‍ വൃന്ദയും താമസം. മൂത്തമകള്‍ അമൃത ഭര്‍ത്തൃവീട്ടിലാണ്. വൃന്ദയുടെ നഴ്‌സിങ് പഠനവുമായി ബന്ധപ്പെട്ടാണ് ഹേമചന്ദ്രനും സുഭിഷയും കോഴിക്കോട്ടെത്തി വാടകവീടെടുക്കുന്നത്. നേരത്തേ മുണ്ടിക്കല്‍ത്താഴത്തെ ഒരു വാടകവീട്ടിലായിരുന്നു താമസം. കര്‍ണാടകത്തിലെ എസ്റ്റേറ്റിലാണ് ഹേമചന്ദ്രന് ജോലിയെന്നായിരുന്നു വീട്ടുടമയോട് പറഞ്ഞിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വല്ലപ്പോഴുമുള്ള വരവും പോക്കും ഒരു സംശയവും നാട്ടുകാരില്‍ ഉണ്ടാക്കിയില്ലായിരുന്നു.

2024 മാര്‍ച്ച് 20-ന് വൈകീട്ട് മൂന്നുമണിയോടെയാണ് ഹേമചന്ദ്രന്‍ മായനാട്ടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത്. രാത്രി മടങ്ങിവരാത്തതിനെത്തുടര്‍ന്ന് കുറേത്തവണ ഫോണില്‍ വിളിച്ചു. കിട്ടിയില്ല. പിറ്റേന്ന് ഫോണില്‍വിളിച്ചപ്പോള്‍ കിട്ടി. നൗഷാദ് തന്നെ ഒരിടത്ത് പൂട്ടിയിട്ടെന്നും കുറേ മര്‍ദിച്ചെന്നും പറഞ്ഞു.ഫോണ്‍ കട്ടായി. പിന്നീട് വിളിച്ചപ്പോള്‍ നൗഷാദാണ് ഫോണെടുത്തത്. തനിക്ക് ഹേമന്‍ തരാനുള്ള പണം തന്നില്ലെങ്കില്‍ അവനെ മറന്നേക്കണമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി -ഹേമചന്ദ്രന്റെ ഭാര്യ സുഭിഷ പറഞ്ഞു.

പോലീസിന്റെ കേസന്വേഷണം ഏതുവഴിക്കുപോകുമെന്ന് കണക്കുകൂട്ടി മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും മുഖ്യപ്രതി നൗഷാദും കൂട്ടാളികളും ‘അതി ബുദ്ധി’ കാണിച്ചു. ഇതില്‍ നിര്‍ണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ മാസങ്ങളോളം ‘ആക്ടീവാ’യി നില നിര്‍ത്തിയെന്നതാണ്.

തട്ടിക്കൊണ്ടുപോയ റൂട്ടുതന്നെ തെറ്റിക്കാന്‍ ആദ്യഘട്ടം മുതല്‍ ആസൂത്രിതനീക്കം നടന്നു. ഫോണ്‍ ഒരുവഴിക്കും ഹേമചന്ദ്രന്‍ മറ്റൊരുവഴിക്കും നീങ്ങി. ഈ ഫോണില്‍നിന്ന് ഹേമചന്ദ്രന്റെ ഭാര്യ സുഭിഷയുടേതുള്‍പ്പെടെ പല ഫോണുകളി ലേക്കും ‘വിളിച്ചു’. സന്ദേശങ്ങള്‍ വന്നു. പല സന്ദേശങ്ങള്‍ക്കും മറുപടിനല്‍കി. ഹേമചന്ദ്രന്‍ പലപ്പോഴായി മുന്‍പുപോയിട്ടുള്ള റൂട്ടുകളിലൂടെ ഫോണ്‍ സഞ്ചരിച്ചു.

പലപ്പോഴും വീട്ടിലേക്ക് വിളിച്ച് അവ്യക്തമാകാത്ത രീതിയില്‍ സംസാരിക്കുകപോലും ചെയ്തു. ഇത്തരത്തില്‍ ഒരിക്കല്‍വിളിച്ച കോളാണ് വഴിത്തിരിവിലേക്ക് എത്തിച്ചത്. വിളിച്ച കോളിലെ ശബ്ദം അച്ഛന്റേതല്ലെന്ന് മകള്‍ പറഞ്ഞതോടെയാണ് പ്രതികള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സൂചനയിലേക്ക് പോലീസിനെ നയിച്ചത്. പ്രതികളിലൊരാള്‍ മൈസൂരുവില്‍നിന്ന് ഹേമചന്ദ്രന്റെ മകളെ വിളിച്ച് സംസാരിച്ചിരുന്നു. ഈ ഫോണ്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ സൈബര്‍ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

ഹേമചന്ദ്രന്‍ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും അതുകൊണ്ടുതന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപകടപ്പെടുത്തിയതാണോ യെന്നും സംശയമുണ്ടായി. പണം കൊടുക്കാനുള്ളവരില്‍നി ന്നുള്ള സമ്മര്‍ദംകാരണം മാറിനില്‍ക്കുകയാണോയെന്നുമുള്ള സംശയം ആദ്യഘട്ടങ്ങളില്‍ ഈ ഫോണ്‍ ഉപയോഗിച്ച് പ്രതികളുമുണ്ടാക്കി.

സ്ഥലംമാറ്റ ഉത്തരവ് വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിനെ മാറ്റാതിരുന്നത് ഹേമചന്ദ്രന്‍ തിരോധാനക്കേസില്‍ നിര്‍ണായകതെളിവ് ലഭിച്ചതിനാല്‍. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്നുദിവസം മുന്‍പ് പ്രതികളായ അജേഷിനെയും ജ്യോതിഷിനെയും അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമാണ് വനത്തിനുള്ളില്‍ മണ്ണുനീക്കി പരിശോധിക്കുന്നതിലേക്ക് നയിച്ചതും മൃതദേഹം കണ്ടെത്താന്‍ സഹായിച്ചതും. മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്‌ഐ മുരളി, വിനോദ് റമിനാസ്, വിജേഷ് ഇരിങ്ങല്‍, ജിതിന്‍, സ്‌ക്വാഡ് അംഗങ്ങളായ ഷഹീര്‍ പെരുമണ്ണ, ഹാദില്‍ കുന്നുമ്മല്‍, ജിനീഷ് ചുലൂര്‍ എന്നിവരും ഉണ്ടായിരുന്നു.

ചേരമ്പാടി വനത്തിനുള്ളിലെ ചതുപ്പുനിലത്തില്‍ മൃതദേഹം കണ്ടെത്തിയെന്ന നടുങ്ങുന്ന വാര്‍ത്ത പരന്നതോടെ, ചേരമ്പാടിയിലേക്ക് ഒട്ടേറെപ്പേരെത്തി. 2024 മാര്‍ച്ച് 20-ന് കോഴിക്കോട്ടെ വീട്ടില്‍നിന്ന് കാണാതായ സുല്‍ത്താന്‍ബത്തേരി പൂമല സ്വദേശി റിയല്‍ എസ്റ്റേറ്റുകച്ചവടക്കാരന്‍ കോഴിക്കോട് മായനാട്ടെ നടപ്പാലത്ത് വാടകവീട്ടില്‍ താമസിക്കുന്ന പാറപ്പുറത്ത് വീട്ടില്‍ ഹേമചന്ദ്ര(54)ന്റെ മൃതദേഹം കണ്ടെത്തുന്നതിനായി രണ്ടു സംസ്ഥാനങ്ങളിലെയും പോലീസ് സംഘം പരിശോധന നടത്തുന്നതായി വാര്‍ത്ത പരന്നതോടെയാണ് ഒട്ടേറെ ആളുകള്‍ പ്രദേശത്തെത്തിയത്.

റിയല്‍എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഹേമചന്ദ്രന്‍ അതിര്‍ത്തിപ്രദേശങ്ങളിലുമെത്തിയതിനാല്‍ പരിചയക്കാരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവിടങ്ങളില്‍ ഉള്ളവരുള്‍പ്പെടെയുള്ളവരുമായി സാമ്പത്തികഇടപാടുകളും കൊല്ലപ്പെട്ട ഹേമചന്ദ്രനുണ്ടായിരുന്നുവെന്നാണ് സൂചന. തമിഴ്‌നാട് അതിര്‍ത്തിയായ ചേരമ്പാടിയിലെ കാപ്പിക്കാട്ടെ വനത്തിനടുത്ത ചതുപ്പുപ്രദേശത്തായിരുന്നു കൊന്നുകുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. രാവിലെ ഒന്‍പതരയോടെ പോലീസും സ്‌നിഫര്‍ഡോഗുകളും വിരലടയാള വിദഗ്ധരുമുള്‍പ്പെടെ പന്തല്ലൂര്‍-സുല്‍ത്താന്‍ബത്തേരി അന്തസ്സംസ്ഥാനപാതയരികിലെ പ്രദേശത്തെത്തി.

പ്രധാനപാതയില്‍നിന്ന് 100 മീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള പ്രദേശത്തേക്ക് ആരെയും കടത്തിവിട്ടില്ല. രണ്ടാഴ്ചമുന്‍പ് പിടിയിലായ പ്രതികളില്‍നിന്നു കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പ്രദേശത്ത് പരിശോധന നടത്താനുള്ള നിര്‍ദേശം ദേവാല ഡിഎസ്പി എസ്. ജയപാലനെ കേരളപോലീസ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേരള-തമിഴ്നാട് സംയുക്ത പോലീസ് സംഘവും ഗൂഡല്ലൂര്‍ ആര്‍ഡിഒ സംഗീതയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘവും സ്ഥലത്തെത്തിയത്. പിടിയിലായ പ്രതികള്‍ അജേഷിനെ സ്ഥലത്തെത്തിച്ചായിരുന്നു മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള പരിശോധന.

മുഖംമറച്ച പ്രതിയെ നേരത്തേ ഇവിടെയെത്തിച്ച് സംഭവസ്ഥലം പോലീസ് മനസ്സിലാക്കിയിരുന്നു. കാണാതായതിനെത്തുടര്‍ന്ന് ഹേമചന്ദ്രന്റെ ഭാര്യ സുബിഷ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. ദേവാല ഡിഎസ്പി എസ്. ജയപാലന്‍, ചേരമ്പാടി എസ്‌ഐ ബി. വെട്രിശെല്‍വം, പന്തല്ലൂര്‍ ഫോറസ്റ്റര്‍ ജെ. അയ്യനാര്‍, സ്പെഷ്യല്‍ബ്രാഞ്ച് എസ്.ഐ കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്-വനംവകുപ്പ് സംഘാംഗങ്ങള്‍ പ്രദേശത്തെത്തിയിരുന്നു.

ഹേമചന്ദ്രന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായത് രാത്രി 11 മണിയോടെ. ഊട്ടിയിലെ ഗവ. മെഡിക്കല്‍ കോളേജ് നീലഗിരിയിലെ ഫൊറന്‍സിക് സര്‍ജനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അവിടെവെച്ച് മൃതദേഹത്തിന്റെ സിടി സ്‌കാനും എടുത്തു. കൊലപാതകമാണെന്നതിനുള്ള തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ലഭിച്ചു. ദേവാല ഡിവൈഎസ്പി ജയപാലന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. മൃതദേഹത്തില്‍നിന്ന് ഡിഎന്‍എ പരിശോധനയ്ക്കുള്‍പ്പെടെ വിവിധ രാസഫൊറന്‍സിക് പരിശോധകള്‍ക്കുവേണ്ട സാംപിളുകള്‍ ശേഖരിച്ചു. ഡിഎന്‍എ ഫലം വരുന്നതുവരെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ഞായറാഴ്ച രാവിലെയോടെ മൃതദേഹവുമായി മെഡിക്കല്‍ കോളേജ് പോലീസ് കോഴിക്കോട്ട് തിരിച്ചെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week