അഞ്ചുവയസുകാരന്റെ മരണത്തില്‍ കലാശിച്ചത്‌ മുഖത്തേറ്റ മാരക മുറിവ്; നായയുടെ കടിയേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കണ്ണൂര്‍: പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണിലും ചുറ്റിലും മാരകമായ കടിയേറ്റതിനാലാണ് കണ്ണൂരില്‍ അഞ്ചുവയസ്സുകാരന്‍ ഹരിത്ത് പേവിഷബാധയേറ്റ് മരിച്ചത്. കണ്‍പോളകളില്‍ ഉള്‍പ്പെടെ കുട്ടിക്ക് തുന്നലിടേണ്ടിവന്നിരുന്നു. മുഖത്തും തലയിലും കഴുത്തിലുമൊക്കെ നായയുടെ കടിയേറ്റാല്‍ വൈറസ് വളരെ വേഗം തലച്ചോറിലേക്ക് എത്തും. കുട്ടിക്ക് മൂന്നുഡോസ് കുത്തിവെപ്പുകള്‍ മാത്രമേ എടുത്തിരുന്നുള്ളൂ. നാലാമത്തെ കുത്തിവെപ്പ് എടുക്കേണ്ട ദിവസം ശനിയാഴ്ചയായിരുന്നു. ഇതിന് മുന്‍പു തന്നെ റാബീസ് വൈറസ് കുട്ടിയുടെ തലച്ചോറില്‍ എത്തിയെന്നാണ് നിഗമനം.

പേവിഷബാധ പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷന്‍ തന്നെയാണ്. റാബീസ് വൈറസ് നാഡികളിലൂടെ പതുക്കെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തി പെരുകി മരണമുണ്ടാക്കുന്ന രോഗാണുവാണ്. വൈറസ് തലച്ചോറില്‍ എത്തിയാല്‍ പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ല. അതിനാല്‍ മുന്നേ പ്രതിരോധം സൃഷ്ടിച്ച് നിര്‍വീര്യമാക്കാനാണ് വാക്‌സിന്‍ നല്‍കുന്നത്.

സാധാരണനിലയില്‍ രണ്ട് മാസമൊക്കെയെടുത്താവും വൈറസ് തലച്ചോറിലെത്തുന്നത്. നാഡീസാന്നിധ്യം കൂടുതലുള്ള മുഖം, കൈകള്‍ എന്നിവിടങ്ങളില്‍ കടിയേല്‍ക്കുമ്പോള്‍ നായയുടെ ഉമിനീര് നാഡികളുമായി സമ്പര്‍ക്കത്തിലാവാനുള്ള സാധ്യത കൂടും. വൈറസ് വേഗത്തില്‍ നാഡികളിലൂടെ തലച്ചോറിലെത്തുന്നു. അത്യപൂര്‍വമായി വാക്‌സിന്റെ ഗുണം ലഭിക്കാതെ പോകുന്നത് ഈവിധത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാകുമ്പോഴാണ്.

നായ കടിച്ച് മുറിവേറ്റാല്‍ ഉടന്‍ എല്ലാ മുറിവുകളും 15 മിനിറ്റെങ്കിലും ഒഴുകുന്ന പൈപ്പ് വെള്ളത്തിലോ തുടര്‍ച്ചയായി വെള്ളം ഒഴിച്ചുകൊണ്ടോ സോപ്പിട്ട് കഴുകണം. മുറിവില്‍ പുരണ്ട ഉമിനീരില്‍ മറഞ്ഞിരിക്കുന്ന വൈറസുകളെ നിര്‍വീര്യമാക്കാനാണിത്. ഇതുവഴി രോഗസാധ്യത 80 ശതമാനംവരെ കുറയ്ക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News