കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സ്ഥാനാര്‍ഥി സ്വരാജിനെക്കാളും തന്നെയാണ് സാമൂഹികമാധ്യമങ്ങള്‍വഴി കൂടുതല്‍ ആക്രമിക്കുന്നതെന്ന് എഴുത്തുകാരി കെ.ആര്‍. മീര. തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് സ്ഥാനാര്‍ഥിക്കായി ഒരു യോഗത്തില്‍ പ്രസംഗിച്ചു. അതിനാണ് ഈ കുറ്റപ്പെടുത്തല്‍. എഴുത്തുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോയെന്നും കെ.ആര്‍. മീര ചോദിച്ചു. സീതാറാം യെച്ചൂരിയെക്കുറിച്ചുള്ള ‘ആധുനിക കമ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു പരാമര്‍ശം.
രാഷ്‌ട്രീയമായ ഉൾക്കാഴ്‌ചയില്ലാതെ സാഹിത്യമില്ലെന്നും സ്വന്തം രാഷ്‌ട്രീയ കാഴ്‌ചപ്പാട് പരസ്യപ്പെടുത്തണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും സാഹിത്യകാരി കെ ആർ മീര. എഴുത്തുകാരുടെ രാഷ്‌ട്രീയം അവരുടെ സാഹിത്യത്തിൽ പ്രതിധ്വനിക്കും.
വ്യക്തികളെന്ന നിലയിൽ ഏതെങ്കിലും ഒരുപക്ഷത്തെ പിന്തുണയ്‌ക്കാനുള്ള അവകാശം എഴുത്തുകാർക്ക് നിഷേധിക്കാനോ എഴുത്തുകാർ ഏതെങ്കിലും ഒരുപക്ഷത്തെ പിന്തുണയ്‌ക്കണമെന്ന് നിർബന്ധിക്കാനോ ആർക്കും അധികാരമില്ല. വലിയ എഴുത്തുകാരൊന്നും തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയത്തിലും ഇടപെട്ടിട്ടില്ല, അതു ശരിയല്ല എന്ന വാദത്തോടും വിയോജിക്കുന്നു. ലോക ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്‌ട്രീയ സാമൂഹിക പരിണാമങ്ങൾക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എഴുത്തുകാർ വഹിച്ച പങ്കു നിസ്സാരമാണോ. എഴുത്തുകാർ രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നവർ ജനാധിപത്യത്തെപ്പറ്റി ബോധമില്ലാത്തവരും ബോധ്യമില്ലാത്തവരുമാണ്.
സ്‌ത്രീകളുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂർണപൗരത്വമാണ് എന്റെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും മാർഗദീപം. സ്‌ത്രീവിരുദ്ധതവച്ചു പുലർത്തിക്കൊണ്ട് മതവർഗീയതയെയും ജാതീയതയെയും ന്യൂനപക്ഷ വിരുദ്ധതയെയും ഇതിന്റെയെല്ലാം ഭീമരൂപമായ ഫാസിസത്തെയും പ്രതിരോധിക്കാൻ സാധിക്കില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ സ്‌ത്രീവിരുദ്ധതയെ പ്രോൽസാഹിപ്പിക്കാത്ത വ്യക്തികളെയും സ്‌ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയും അതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ സന്നദ്ധതയുമുള്ള രാഷ്‌ട്രീയകക്ഷികളെയും മാത്രമേ ഞാൻ പിന്തുണയ്‌ക്കുകയുള്ളൂ.
സ്‌ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിന്റെയും തുടക്കമെന്ന് വിശ്വസിക്കുന്നവർക്ക് എന്നോടൊപ്പം നിൽക്കാം, അവരോടൊപ്പം ഞാനും നിൽക്കുന്നു. ജനാധിപത്യമര്യാദകൾ വാക്കിലും പ്രവൃത്തിയിലും പാലിക്കാത്തവരും പുരോഗമന ആശയങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ പിന്നോട്ട് നയിക്കുകയും ചെയ്യുന്ന വ്യക്തികളിൽനിന്നും കക്ഷികളിൽനിന്നും അകന്നുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു–- – അവർ പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി. അബൂബക്കര്‍ എഴുതിയ പുസ്തകം സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് കെ.ആര്‍. മീരയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. സിപിഎം ജില്ലാസെക്രട്ടറി എം. മെഹബൂബ് അധ്യക്ഷനായി.

