അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ കിടക്ക പങ്കിടാന്‍ ആവശ്യം,സമ്മതിച്ചാല്‍ അഭിനയിയ്ക്കാം,നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തല്‍ പതിവ് സംഭവം,നടിമാര്‍ നല്‍കിയിരിയ്ക്കുന്നത് വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയടക്കം നൂറിനടുത്ത് തെളിവുകള്‍,ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍ സൂപ്പര്‍ താരങ്ങളടക്കം കുടുങ്ങും
തിരുവനന്തപുരം:മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിഭീകരമായ ചൂഷണത്തിലേക്ക് വെളിച്ചം വിശുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.15 പേര്‍ അടങ്ങുന്ന ലോബിയാണ് മലയാള സിനിമയെ നിയന്ത്രിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ ലോബിയില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ട്. 300 പേജുളള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പരസ്പര ബന്ധിതമായ ഈ ലോബിയില്‍ ലോബിയില്‍ ഉള്ള ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് കിടക്ക പങ്കിടാന്‍ താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ.
വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. നടിമാര്‍ നല്‍കിയ വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്.
ലോബിക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂവെന്ന സ്ഥിതിയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ ഉള്ളത്.
15 പേര്‍ അടങ്ങുന്ന ലോബിയുടെ നീക്കങ്ങള്‍ കാരണമാണ് മൊഴി നല്‍കാമെന്ന് ഉറപ്പു നല്‍കിയവരില്‍ പലരും പിന്മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
രഹസ്യമായി കമ്മീഷന്‍ സിനിമ മേഖലയിലുളള പലരെയും കണ്ടു. അഭിപ്രായം പറയാന്‍ പ്രമുഖര്‍ക്കുള്‍പ്പെടെ പേടിയാണ്. ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ല എന്ന് ഉറപ്പ് നല്‍കിയായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെറ്റുകളില്‍ ലഹരി ഉപയോഗവും ഉണ്ട്. ഇത് സ്ത്രീകള്‍ക്കടക്കം പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങളോ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ പല സെറ്റുകളിലും ഒരുക്കാറില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ നിയമ നടപടിയാണ് കമ്മീഷന്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. ഇതിനായി ശക്തമായ നിയമം കൊണ്ടു വരണം. ട്രൈബ്യൂണല്‍ രൂപികരിക്കണം. കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് സിനിമാ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.