ന്യൂഡൽഹി:സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികൂലകാലാവസ്ഥയടക്കം പല കാരണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽമാത്രമേ അപകടത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് വിദഗ്ധർ പറയുന്നത്.
സാധ്യതകൾ ഇങ്ങനെ
1. പ്രതികൂല കാലാവസ്ഥ
പാറക്കെട്ടുകളും മലകളും താഴ്വാരങ്ങളുമുള്ള പ്രദേശത്താണ് അപകടം നടന്നത്. ഒപ്പം മൂടൽമഞ്ഞും സാധാരണമാണ്. ഇവ കോപ്റ്ററുകളെ അപകടത്തിലാക്കുന്ന പ്രധാന ഘടകമാണ്. മൂടൽമഞ്ഞ് വൈമാനികരുടെ കാഴ്ച മറയ്ക്കുന്നതിനാൽ അപകടസാധ്യത ഏറെയാണ്.
2. എൻജിൻ തകരാറും സാങ്കേതികപ്രശ്നങ്ങളും
എൻജിൻ തകരാറുമൂലം കോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് അസാധാരണമല്ല. അപകടത്തിൽപ്പെട്ട എം.ഐ-17വി5 കോപ്റ്ററിന് രണ്ട് എൻജിനുകളാണുള്ളത്. ഒരു എൻജിൻ തകരാറിലായാൽപ്പോലും സാധാരണഗതിയിൽ കോപ്റ്ററിനെ താഴെയിറക്കാൻ രണ്ടാമത്തെ എൻജിൻ ഉപയോഗിച്ച് സാധിക്കും. രണ്ട് എൻജിനും തകരാറിലായാൽപ്പോലും ഓട്ടോറൊട്ടേഷൻ മോഡിൽ ഇറക്കാം.
കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്നങ്ങളും അപകടത്തിനുകാരണമായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ സഹായ അഭ്യർഥനാസന്ദേശം (ഡിസ്ട്രസ് കോൾ) അടുത്തുള്ള മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാൻ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാൽ, നീലഗിരി സംഭവത്തിൽ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
3. പൈലറ്റിന്റെ പിഴവ്
സാധാരണ വി.ഐ.പി., വി.വി.ഐ.പി.കൾ യാത്രചെയ്യുന്ന വ്യോമപാതയിൽ പലതവണ പരീക്ഷണപ്പറക്കൽ നടത്തി സുരക്ഷ ഉറപ്പുവരുത്താറുണ്ട്. സംയുക്ത സേനാമേധാവിയടക്കമുള്ള വി.ഐ.പി.കൾ യാത്രചെയ്യുന്ന കോപ്റ്ററുകൾ വിദഗ്ധരാണ് പറത്താറ്.
4. വൈദ്യുതലൈൻ വില്ലൻ
അപകടകാരണം വൈദ്യുത ലൈനാണെന്നും റിപ്പോർട്ടുണ്ട്. പ്രതികൂലകാലാവസ്ഥകാരണം കോപ്റ്റർ താഴ്ന്നുപറന്നപ്പോൾ വൈദ്യുതലൈനിൽ കുടുങ്ങി നിയന്ത്രണംതെറ്റിയതാണെന്നും പറയപ്പെടുന്നു.
അപകടം രാഷ്ട്രീയവിവാദമാവും
ന്യൂഡൽഹി: പരമോന്നത സൈനികമേധാവിയുടെ അപകടമരണം വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ സംവാദങ്ങൾക്ക് തുടക്കംകുറിച്ചേക്കും.
ദുഃഖാചരണസമയമായതിനാൽ പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിൽ വലിയ വിശദീകരണങ്ങൾ ചോദിച്ചേക്കില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ വിഷയം സഭയിൽ ഉയരുമെന്നുതന്നെയാണ് സൂചന. മോദിസർക്കാരിന്റെ ചുരുങ്ങിയ ഭരണകാലത്ത് പ്രതിരോധരംഗത്ത് മുമ്പെങ്ങുമില്ലാത്ത സമഗ്രമായ മാറ്റംകൊണ്ടുവരാനും കാലപ്പഴക്കംചെന്ന യുദ്ധവിമാനങ്ങൾക്കുപകരം പുതിയവ കൊണ്ടുവരാനും ദേശസുരക്ഷ ശക്തമാക്കാനുമൊക്കെയായി എന്നാണ് ബി.ജെ.പി.യുടെയും സഖ്യകക്ഷികളുടെയും നിരന്തരമായ വാദം. രാജ്യത്തിന്റെ പ്രഥമ സംയുക്തസേനാമേധാവിതന്നെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് എൻ.ഡി.എ.യുടെ ദേശസുരക്ഷ സംബന്ധിച്ച അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണെന്ന് പ്രതിപക്ഷം വരുംദിവസങ്ങളിൽ ആരോപിച്ചേക്കും.
ആറുവർഷംമുമ്പും റാവത്ത് കോപ്റ്ററപകടത്തിൽപ്പെട്ടു
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത് രണ്ടാം തവണ. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിലായിരുന്നു ആദ്യ അപകടം. ഗൂർഖ റെജിമെന്റ് െലഫ്റ്റനന്റ് ജനറലായിരുന്നു അന്നദ്ദേഹം. തലനാരിഴയ്ക്ക് അദ്ഭുതകരമായാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഗൂർഖ റെജിമെന്റിന്റെ രംഗ്പഹാർ കന്റോൺമെന്റ് മേഖലയിൽ രാവിലെയായിരുന്നു അപകടം. പരീക്ഷണപ്പറക്കലിനിടെ ചീറ്റ കോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നു. പറന്നുയർന്ന് ഇരുപതടിയോളം ഉയരത്തിലെത്തിയപ്പോഴാണ് എൻജിന് കേടുപാടു സംഭവിച്ചത്. റാവത്തിനും ഒപ്പമുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, ഒരു കേണൽ എന്നിവർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു.
തമിഴകത്ത് അഞ്ച് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ ആകാശദുരന്തം
ചെന്നൈ: അഞ്ച് വർഷത്തിനിടെ തമിഴകം സാക്ഷ്യംവഹിച്ച രണ്ടാമത്തെ ആകാശദുരന്തമാണ് കൂനൂരിലേത്. ഇതിനുമുമ്പ് 2016 ജൂലായ് 22-ന് താംബരം വ്യോമതാവളത്തിൽനിന്ന് പോർട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എ.എൻ-32 വിമാനം കാണാതാകുകയായിരുന്നു. 15 സൈനികർ അടക്കം 29 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് മലയാളി സൈനികരുമുണ്ടായിരുന്നു.
രാവിലെ 8.30-ന് താംബരത്തുനിന്ന് പറന്നുയർന്ന വിമാനം 11.45-ന് പോർട്ട് ബ്ലെയറിൽ ഇറങ്ങേണ്ടിയിരുന്നതാണ്. 9.12 വരെ റഡാർ പരിധിയിലുണ്ടായിരുന്നു. പിന്നീട് ആശയവിനിമയം നഷ്ടമായി. രണ്ട് മാസത്തോളം നീണ്ട തിരച്ചിൽ സെപ്റ്റംബർ 15-ന് അവസാനിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന നിഗമനത്തിലായിരുന്നു ഇത്. ബംഗാൾ ഉൾക്കടലിൽ തകർന്നു വീണതായിരിക്കാമെന്നാണ് കരുതുന്നത്.
എന്നാൽ, പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാനാകുന്ന വിമാനമായ എ.എൻ.-32 അപകടത്തിൽപ്പെട്ടതിന്റെ കാരണം ഇപ്പോഴും അജ്ഞാതം. എ.എൻ.-32 ഇന്ദിരാഗാന്ധിയുടെ കാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സഹകരണത്തിൽ നിർമിച്ചതായിരുന്നുവെങ്കിൽ കൂനൂരിൽ അപകടത്തിൽപ്പെട്ട എം.ഐ.-17 വി.15 ഹെലികോപ്റ്റർ റഷ്യൻ നിർമിതമാണ്. രണ്ട് അപകടങ്ങൾ-ഒന്ന് കാണാമറയത്ത് സംഭവിച്ചപ്പോൾ അടുത്തത് കൺമുന്നിൽ എരിഞ്ഞൊടുങ്ങുകയായിരുന്നു.