അടുത്ത സംയുക്തസേന മേധാവിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചര്‍ച്ച നടന്നതായി സൂചന

ന്യൂഡല്‍ഹി: അടുത്ത സംയുക്തസേന മേധാവിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭായോഗത്തില്‍ നടന്നതായി സൂചന. കരസേന മേധാവി ജനറല്‍ എം.എം നരവനെ ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായേക്കും.

വടക്കന്‍ സേനാ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ വൈ കെ ജോഷിയും കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്റ്റന്റ് ജനറല്‍ മനോജ് പാണ്ഡെയുമാണ് കരസേനയില്‍ നരവനെ കഴിഞ്ഞാല്‍ സീനിയര്‍മാര്‍. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍. നരവനെയ സംയുക്ത സേനാ മേധാവിയാക്കിയാല്‍ പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും. 1982ലാണ് ഇരുവരും സേനയുടെ ഭാഗമായത്.

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ നടക്കും. നാളെ 11 മണിമുതല്‍ 2 മണിവരെ വസതിയില്‍ പൊതുദര്‍ശനം. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. സംയുക്ത സേനാ മേധാവിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അമേരിക്ക. യു എസ് ജനറല്‍ സെക്രട്ടറിയാണ് അനുശോചനം അറിയിച്ചത്. കൂടാതെ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.

ഡല്‍ഹിയില്‍ നിന്നു ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News